പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ വീണ്ടും ചേരും. ഹൈക്കമാൻ്റിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് മാറ്റിവെച്ച യോഗം വീണ്ടും ചേരാൻ നേതാക്കൾ തീരുമാനിച്ചത്.
നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിൻ്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേർന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ. സുധാകരനും ബഹിഷ്‌കരിച്ചു. തുടർന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്.
എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാൻ്റിൻ്റെ നിലപാട്.
ഇക്കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ നേതാക്കൾ ഉന്നയിക്കും. കൂടാതെ യോഗത്തില്‍ പി.വി.അന്‍വറിനോട് കോണ്‍ഗ്രസ് എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും. അന്‍വറിനെ പെട്ടെന്ന് മുന്നണിയില്‍ എടുക്കുന്നതിനോട് ഭൂരിഭാഗം നേതാക്കള്‍ക്കും യോജിപ്പില്ല. അതേസമയം വയനാട് ഡിസിസി ട്രഷററിൻ്റെയും മകൻ്റെയും ആത്മഹത്യയും തുടർ വിവാദങ്ങളും യോഗത്തിൽ ചില നേതാക്കൾ ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here