ഇടുക്കിയിലെ വിവിധ മേഖലകളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനിയെ ആലപ്പുഴയില്‍ നിന്നും പിടികൂടി.മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഇടുക്കിയില്‍ നിന്നും മോഷ്ടിക്കുന്ന ബൈക്കുകള്‍ അന്യ ജില്ലകളിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ പതിവ് രീതി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് നെടുങ്കണ്ടത്തെ ബൈക്ക് ഷോറൂമില്‍ നിന്ന് മോഷ്ടാക്കള്‍ ബൈക്ക് അപഹരിച്ചത്.വെള്ളത്തൂവലില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ നെടുങ്കണ്ടത്ത് എത്തിയ സംഘം പടിഞ്ഞാറെകവലയിലെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കൂടി മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല ഭാഗത്തേക്ക് പോയെങ്കിലും വെള്ളത്തൂവലില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് പാറത്തോട്ടില്‍ വച്ച് കേടായി. ഈ ബൈക്ക് അവിടെ ഉപേക്ഷിച്ച് അവശേഷിച്ച ബൈക്കില്‍ മൂവരും ആലപ്പുഴയിലേക്ക് കടന്നു.ഈ രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞമാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്നും നമ്പര്‍പ്ലേറ്റ് ഇല്ലാതെ രണ്ടു പ്രതികള്‍ ഓടിച്ചു വന്ന ബൈക്ക് നാട്ടുകാര്‍ തടഞ്ഞു വച്ചു.എന്നാല്‍ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അതേസമയം പ്രതികളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് നെടുങ്കണ്ടത്തുനിന്നും മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി.
ALSO READ:പരിശീലനത്തിനിടെ അസ്വസ്ഥത; കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു
നാട്ടുകാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പൊലീസ് നടത്തിയ അന്വേഷത്തില്‍ പ്രതികളില്‍ ഒരാള്‍ തിരുവല്ല ചാത്തന്‍കരി പുത്തനപറമ്പില്‍ ശ്യാം ആണെന്ന് വ്യക്തമായി. ഇയാള്‍ ആലപ്പുഴ പുന്നപ്രയിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ശ്യം ഒളിവില്‍ പോയി. പുന്നപ്ര പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പീരുമേട് സബ്ജയിലേക്ക് മാറ്റി.ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here