ചെന്നൈ അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തി മദ്രാസ് ഹൈക്കോടതി. കേസിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. കേസിൻ്റെ എഫ്ഐആർ ചോർന്നത് പൊലീസിൻ്റെ കൈയിൽ നിന്നാണെന്നായിരുന്നു കോടതിയുടെ ആദ്യ വിമർശനം. തുടർന്ന് സർക്കാരിനെയും കോടതി വിമർശിച്ചു.
പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണെന്നും പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയപ്പോൾ പ്രതിയ്ക്ക് പൂർണസ്വാതന്ത്യമാണ് നൽകിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്പസിൽ കയറിയിറങ്ങുന്നു. എന്തെല്ലാം സംഭവിച്ചിട്ടുണ്ടാകുമെന്ന് ആർക്കറിയാം എന്നും കോടതി ചോദിച്ചു.
ആരും സദാചാര പൊലീസ് കളിക്കേണ്ടെന്നും തുടർന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ലെന്നും പുരുഷ സുഹൃത്തിനൊപ്പം സമയം ചെലവിടുന്നത് അവളുടെ അവകാശമാണെന്നും കോടതി പറഞ്ഞു.
ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനാകില്ലെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്തരം അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി വാദം കേൾക്കലിനിടെ വ്യക്തമാക്കി. ക്യാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർ ഇനി മുന്നോട്ടുവരണം എന്നും കോടതി തുടർന്ന് പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here