കര്‍ഷക-തൊഴിലാളി ഐക്യത്തിന്റെ സമരകാഹളത്തിന് പ്രചോദമാകുന്ന എകെജി ഓര്‍മ്മ

ദിപിന്‍ മാനന്തവാടി

രാജ്യത്ത് കര്‍ഷകരും തൊഴിലാളികളും വര്‍ഗ്ഗപരമായി സംഘടിക്കുകയും ഐക്യമുന്നണയായി നിന്ന് സമരങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്ന വേളയിലാണ് എകെജിയുടെ 46-ാം ഓര്‍മ്മദിനം കടന്നു വരുന്നത്. രാജ്യമെങ്ങുമുള്ള കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രചോദനമാണ് ഇന്നും എകെജി. പാവങ്ങളുടെ പടത്തലവന്‍ നയിച്ച സമരപോരാട്ടങ്ങളുടെ ചരിത്രം സമാനകളില്ലാത്തതാണ്. കാര്‍ഷിക പോരാട്ടങ്ങളിലും തൊഴിലാളി പോരാട്ടങ്ങളിലും നേതൃപരമായ പങ്കുവഹിച്ച എകെജി, കര്‍ഷക-തൊഴിലാളി ഐക്യമുന്നണിയുടെ വര്‍ഗ്ഗപരമായ സംഘാടനത്തിന് ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു.

സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പായി സംഘടിപ്പിക്കപ്പെട്ട ഗുരുവായൂര്‍ സത്യാഗ്രഹ സമരം എകെജിയുടെ സംഘാടന മികവ് കൂടി അടയാളപ്പെടുത്തിയ സമരപോരാട്ടമാണ്. കണ്ണൂരില്‍ നിന്നും ഗുരുവായൂരിലേക്ക് കാല്‍ നടയായി സഞ്ചരിച്ച വോളിണ്ടയര്‍ സംഘത്തിന്റെ ക്യാപ്റ്റനായിരുന്നു എകെജി. അമരാവതിയിലും മുടവന്‍മുഗളിലും കൊട്ടിയൂരും കണ്ട എകെജിയുടെ സമരവീര്യം കേരളത്തിലെ ഭൂരഹിതരുടെയും കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണ ജനതയുടെയും അവകാശപ്പോരാട്ടത്തിന്റെ കൂടി ചരിത്രമാണ്. രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായ കോഫി ഹൗസ് എന്ന സംരംഭം എകെജിയുടെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രത്യയശാസ്ത്രപരമായ ഉള്‍ക്കാഴ്ചയുടെ കൂടി പ്രതീകമാണ്. കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെ ഉദ്പാദന വിതരണ സഹകരണ സംഘങ്ങള്‍ എന്ന ആശയം മൂര്‍ച്ചയോടെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് എകെജിയുടെ പ്രത്യയശാസ്ത്ര ദൃഢതയുടെ ഉദാഹരണമായ കോഫി ഹൗസ് ഒരു പ്രചോദനമാണ്.

സ്വാതന്ത്രസമര പോരാട്ടത്തിനൊപ്പം തന്നെ സാമൂഹ്യപരിവര്‍ത്തനത്തിനും തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശപോരാട്ടത്തിനും ഒരേ പോലെ നേതൃത്വം നല്‍കിയ നേതാവായിരുന്നു എകെജി. രാജ്യം സ്വാതന്ത്ര്യ പുലരിയെപറ്റി ചര്‍ച്ച ചെയ്ത 1947കളുടെ തുടക്കത്തില്‍ അന്നത്തെ ഭരണകൂടം എകെജിയെ ജയിലില്‍ അടച്ചിരുന്നു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ പുറപ്പെടുവിച്ച ‘മദ്രാസ് മെയിന്റന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ ഓര്‍ഡിനന്‍സ്’ അനുസരിച്ച് 1947 ജനുവരി 23നാണ് വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും എകെജിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ‘കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷക കലാപങ്ങള്‍ വളര്‍ത്തുകയും ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു, പൊലീസുകാരുമായി അവര്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു” എന്നുമായിരുന്നു മദ്രാസ് അസംബ്ളിയില്‍ പ്രധാനമന്ത്രി ടി പ്രകാശം ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചത്.

ആദ്യം വെല്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ട എകെജിയെ പിന്നീട് കണ്ണൂര്‍ ജയിലിലേയ്ക്ക് മാറ്റി. കണ്ണൂര്‍ ജയിലില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി നിരാഹാരസമരത്തിന് നേതൃത്വം നല്‍കിയ എ.കെ.ജി തടവുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ പിന്നീട് നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എ.കെ.ജിയെ വീണ്ടും വെല്ലൂര്‍ ജയിലേയ്ക്ക് മാറ്റി. സ്വാതന്ത്ര്യലബ്ദിയോടനുബന്ധിച്ച് ഇ.എം.എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ ജയില്‍ മോചിതരാക്കിയപ്പോഴും അധികാരികള്‍ എ.കെ.ജിക്ക് വിടുതല്‍ നല്‍കാന്‍ തയ്യാറായില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യപിറവി വെല്ലൂര്‍ ജയിലില്‍ തടവുകാര്‍ക്കൊപ്പമാണ് എ.കെ.ജി ആഘോഷിച്ചത്. ‘പതിനഞ്ചുകൊല്ലം മുമ്പു ഈ ജയിലില്‍ ഒരു ത്രിവര്‍ണ്ണപതാക കണ്ടതിന് എന്നെ മര്‍ദ്ദിക്കുകയുണ്ടായിട്ടുണ്ട്. ഇവിടെ വച്ചുതന്നെ ഇതേ ജയിലില്‍ ഇന്ന് ഈ പതാകഉയര്‍ത്താന്‍ ഭാഗ്യമുണ്ടായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’ എന്ന് ജയിലില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം പ്രസംഗത്തില്‍ ഹര്‍ഷോന്മാദത്തോടെ എ.കെ.ജി സൂചിപ്പിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടത്തിയ സമരപോരാട്ടങ്ങളുടെ പേരില്‍ ജയിലിലായ എ.കെ.ജിയ്ക്ക് മോചനം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം 1951വരെ കണ്ണൂര്‍, വെല്ലൂര്‍, രാജമുന്ദ്രി, കോയമ്പത്തൂര്‍ ജയിലുകളിലെ സംഭവബഹുലമായ അനുഭവങ്ങള്‍ എ.കെ.ജി അതിന്റെ എല്ലാ തീക്ഷ്ണതയോടെയും അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.

ഇന്ത്യ സ്വതന്ത്രയായതിന് ശേഷവും പാര്‍ലമെന്റിനകത്തും പുറത്തും തൊഴിലാളികളുടെയും കര്‍ഷകരുടെ ഏറ്റവും ഉറച്ച ശബ്ദമായിരുന്നു എകെജിയുടേത്. ഒരു വിഷയത്തില്‍ എകെജി എന്താണ് പറയുന്നത് എന്നറിയാല്‍ സമയം നീക്കിവെച്ച് പാര്‍ലമെന്റില്‍ ചെവികൂര്‍പ്പിച്ചിരിക്കാന്‍ നെഹ്‌റു തയ്യാറായിരുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ തിളക്കമുള്ള ഏടാണ്. 1977ല്‍ അടിയന്തിരാവസ്ഥയുടെ ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിന് കൂടി അനാരോഗ്യം വകവയ്ക്കാതെ നേതൃത്വം നല്‍കിയിരുന്നു.

എകെജിയുടെ ഓര്‍മ്മ രാജ്യത്തെ അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ചൂഷിതരുടെ അവകാശപ്പോരാട്ടങ്ങള്‍ ഊര്‍ജ്ജം പകരുന്നതാണ്. രാജ്യത്ത് വര്‍ഗ്ഗപരമായ ഐക്യത്തിന്റെ സമരകാലം രൂപപ്പെടുന്ന കാലത്ത് എകെജിയുടെ ഓര്‍മ്മ ഫാസിസത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരായ പോരാട്ടത്തിന് കൂടി ഊര്‍ജ്ജമാകുന്നുണ്ട്. തൊഴിലാളി-കര്‍ഷക ഐക്യകാഹളം മുഴങ്ങുന്ന ഇന്ത്യയുടെ ആശയപ്രചോദനമായി എകെജിയെന്ന മൂന്നക്ഷരം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങളില്‍ എന്നും ഇടര്‍ച്ചയില്ലാതെ മുഴങ്ങുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News