നീറ്റ് നെറ്റ് ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാൻ പുതിയ പരീക്ഷ തിയതികൾ പ്രഖ്യാപിച്ച് എൻടിഎ. റദ്ദാക്കിയ യുജിസി നെറ്റ്, മാറ്റി വെച്ച ജോയിൻ്റ് സിഎസ്ഐആർ , എൻസിഇടി എന്നിവയുടെ പരീക്ഷ തിയതിയാണ് പ്രഖ്യാപിച്ചത്. അതേ സമയം ചോദ്യ പേപ്പർ ചോർച്ചയിൽ രാജസ്ഥാനിൽ നിന്നും രണ്ടു പേരെ സിബിഐ കസ്റ്റഡിയിലെടുത്തു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടിലും സിബിഐ അന്വേഷണം പുരോഗമിക്കുന്നു. രാജസ്ഥാനിൽനിന്ന് 10 വിദ്യാർഥികളെ ചോദ്യം ചെയ്തു, ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഡമ്മി ആളുകളെവച്ച് പരീക്ഷയെഴുതിയവരാണ് ഇവരെന്നാണ് വിവരം. ബിഹാര്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍പ്പേരെ സിബിഐ ചോദ്യംചെയ്യും. കേസില്‍ ഇതുവരെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്കൂള്‍ പ്രിന്‍സിപ്പൽ അഹ്സാനുൽ ഹഖ് വൈസ് പ്രിന്‍സിപ്പൽ ഇംതിയാസ് ആലാം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
നീറ്റില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിക്ഷേധം ശക്തമാവുകയാണ്. അതിനിടെ മുഖം രക്ഷിക്കാനായി എൻടിഎ മാറ്റിവച്ച പ്രവേശന പരീക്ഷകൾക്ക് പുതുക്കിയ തീയതി പ്രഖ്യാപിച്ചു. കോളജ് അധ്യാപന യോഗ്യതയായ യുജിസി നെറ്റ് പുന:പരീക്ഷ ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനുമിടയിൽ നടത്തും. ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നാണ് ജൂൺ 18ന് നടന്ന പരീക്ഷ പിറ്റേദിവസം റദ്ദാക്കിയത്.
നേരത്തെ OMR രീതിയിൽ നടത്തിയിരുന്ന UGC നെറ്റ് പരീക്ഷ, ഇനി മുതൽ പുതുക്കിയ മാനദണ്ഡമനുസരിച്ച് കംപ്യൂട്ടറധിഷ്ടിതമാക്കി മാറ്റി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിയ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്കുള്ള CSIR – UGC നെറ്റ് പരീക്ഷ ജൂലൈ 25നും 27നുമിടയിൽ നടത്തും. നാലുവർഷ ബിഎഡ് പ്രോഗ്രാമുകളിലേക്ക് എൻടിഎ നടത്തിയ NCET പുന:പരീക്ഷ ജൂലൈ 10നും നടത്തും. നീറ്റടക്കമുള്ള വിഷയം ഉന്നയിച്ച് ജൂലൈ നാലിന് എസ്എഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here