കർണാടകയിലെ രാംനഗർ ജില്ലയിലെ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു. ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റിൽ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.ശുചിമുറിയിൽ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഹെൽത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്.
Also Read; ഓടിക്കൊണ്ടിരുന്ന ആംബുലൻസിനുള്ളിൽ 16-കാരി ക്രൂര ബലാത്സംഗത്തിനിരയായി; സംഭവം മധ്യപ്രദേശിൽ
വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികൾ തിരിച്ചറിഞ്ഞു. തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്. നവജാതശിശുവിൻ്റെ മൃതദേഹം അവിടെ കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി, പൊലീസ് പറഞ്ഞു. ശുചിമുറിയിൽ അടിഞ്ഞുകൂടുന്ന വസ്തുക്കൾ പുറത്തെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്നാണ് സംശയം. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവം ഡോക്ടർമാരിലും ആശുപത്രി ജീവനക്കാരിലും ഞെട്ടലുളവാക്കി. അതേസമയം കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവം പൊതുജനങ്ങൾക്കിടയിൽ രോഷത്തിന് ഇടയാക്കിയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനകൾക്കായി പൊലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയായിരുന്നു. നവജാത ശിശുവിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അമ്മയ്ക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ അതോ കുഞ്ഞിനെ മറ്റെവിടെയെങ്കിലും നിന്ന് ഇവിടെ കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
നേരത്തെ നവംബർ ആറിന് ബംഗളൂരുവിലെ ഒരു വീട്ടിലെ ഓവർഹെഡ് ടാങ്കിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ മാതാവിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൂര്യ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പിന്നാലെ കുട്ടിയുടെ അമ്മ തന്നെ അബദ്ധത്തിൽ പെൺകുഞ്ഞിനെ കൊന്ന് മൃതദേഹം വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നുവെന്ന് കണ്ടെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here