ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു

കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി 6 മാസം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൻഹ. കുടുംബത്തോടൊപ്പം ഹൈ കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെര്മിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് മനസ്സിലാക്കിയത്. കെഎംആർഎൽ ഡയറക്ടർ ഫിനാൻസ് ശ്രീമതി എസ്.അന്നപൂരണി, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ.സാജൻ പി ജോൺ എന്നിവർ ചേർന്ന് സൻഹയ്ക്ക് ഉപഹാരം നൽകി.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26ന് ആറ് മാസം പൂർത്തിയാകും. ഈ ചുരുങ്ങിയ കാലയളവില്‍ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വ്വീസ് ഉള്ളത്.

ALSO READ:‘മില്യൺ മെട്രോ’; നന്ദിയറിയിച്ച് മന്ത്രി പി രാജീവ്

ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്‍റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്‍റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ALSO READ: ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം
കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിയ്ക്ക് മറ്റൊരു തിലകക്കുറി കൂടി നല്‍കി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News