വ്യവസായ വകുപ്പ് നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്തെ ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായ വർദ്ധിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൻ്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് റിപ്പോർട്ട് ഏറ്റുവാങ്ങി.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സംരംഭക വർഷത്തെക്കുറിച്ച് ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആണ് പഠനം നടത്തിയത്. സംരംഭക വർഷത്തിൻ്റെ ഭാഗമായി ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായെന്നും ഏഴു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
സർക്കാർ നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയിൽ 92% സംരംഭങ്ങളും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് നടപ്പിലാക്കിയ വായ്പാ സഹായ പദ്ധതികളും, പരിശീലന പദ്ധതികളും സംരംഭങ്ങളുടെ വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇൻഡോർ ഐഐഎം ഡയറക്ടർ ഹിമാൻഷു റായ് ആണ് വ്യവസായ മന്ത്രി പി രാജീവിന് റിപ്പോർട്ട് കൈമാറിയത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെകട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ സംരംഭകരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here