കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു, അവർ എന്തോ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്; ഡോ ടി എം തോമസ് ഐസക്ക്

പാലക്കാട് പൊലീസ് നടത്തിയത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വാഭാവിക പരിശോധന മാത്രമാണെന്നും അവർ ഹോട്ടലിലെ എൽഡിഎഫ് നേതാക്കളുടെ മുറിയും പരിശോധിച്ചിരുന്നെന്നും പക്ഷേ കോൺഗ്രസിനു മാത്രം എന്തുകൊണ്ടാണ് ഈ പൊള്ളലെന്നും എന്ത് മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സിപിഐഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്ക്. തൻ്റെ ഫെയ്സ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് പൊലീസ് പരിശോധനയിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച നിലപാടിനെ ഐസക്ക് ചോദ്യം ചെയ്തിരിക്കുന്നത്. കോൺഗ്രസിൻ്റെ നീക്കം ഈ തെരഞ്ഞെടുപ്പ് അട്ടിമരിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് തോമസ് ഐസക്ക് ആരോപിച്ചു.
ഇതു സംബന്ധിച്ച് ഡോ. ടി.എം. തോമസ് ഐസക്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ രൂപം:
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കള്ളപ്പണ ഉപയോഗം ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാനപ്പെട്ട വിഷയമാണ്. കൊടകര കുഴൽപ്പണക്കേസ് ബിജെപി ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയൊരു പരിധിവരെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു കള്ളപ്പണത്തിന്റെ കുത്തക. എന്നാൽ കർണ്ണാടക, തെലുങ്കാന സംസ്ഥാന സർക്കാരുകൾ കോൺഗ്രസിന്റേത് ആയതോടെ കോൺഗ്രസിനും പണത്തിന്റെ പ്രയാസം തീർന്നിട്ടുണ്ട്.
പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പണമൊഴുക്ക് ഇതിനു പ്രത്യക്ഷ തെളിവാണ്. ചേലക്കരയിൽ ഞാൻ അറിഞ്ഞ ഒരു കാര്യം പുറത്തുള്ള വോട്ടർമാരെ വോട്ടിനു കൊണ്ടുവരാൻ പ്രത്യേക ഏജൻസിയെ തന്നെ കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ടെന്നാണ്. കോൺഗ്രസ് കുടുംബയോഗങ്ങളിൽ ബിരിയാണിയും സദ്യയും സാധാരണമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ പൊലീസ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ ഒരു തെറ്റുമില്ല. കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ പൊലീസിന് കള്ളപ്പണം അന്വേഷിക്കാവൂവെന്ന വാദം നിലനിൽക്കില്ല. പൊലീസിന്റെ സ്വാഭാവിക പരിശോധനകൾക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം നിർബന്ധമല്ല. വഴിയിൽ വാഹനങ്ങളും മറ്റും പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അല്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇത്തരം അന്വേഷണങ്ങൾക്കുള്ള നിർദ്ദേശം അതിൽതന്നെ അടങ്ങിയിട്ടുണ്ട്.
പൊലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറിയതെന്ന് ആർക്കും ആരോപിക്കാനാവില്ല. ആ ഹോട്ടലിൽ താമസിക്കുന്ന എൽഡിഎഫ് നേതാക്കളുടെ മുറികളും തുറന്നു പരിശോധിച്ചല്ലോ. പക്ഷേ, കോൺഗ്രസിനു മാത്രം പൊള്ളിയതെന്താ? എന്ത് മറച്ചുവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്? അതിനുണ്ടാക്കിയ ഒരു വിവാദ നാടകമാണ് ഇന്നലെ കണ്ടത്. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ഉത്തരവാദപ്പെട്ട രണ്ട് എംപിമാരുടെ നേതൃത്വത്തിലാണ് ഇത്തരം ഇടപെടലുകളെന്നത് ഗൗരവതരമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സ്വാഭാവിക പോലീസ് പരിശോധനകളെ എല്ലാം മാധ്യമങ്ങളെ വിളിച്ചുകൂട്ടി വലിയ സംഭവമായി അവതരിപ്പിക്കുന്നത് നാണക്കേടാണ്.
കല്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് തീയതി നീട്ടിയ സാഹചര്യത്തിൽ യുഡിഎഫ് കാണിക്കുന്ന നാടകം അല്പം സംശയം ഉളവാക്കുന്നുണ്ട്. കള്ളപ്പണം അടക്കമുള്ള കാര്യങ്ങളിൽ പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നീക്കങ്ങളെ നേരിടാൻ ശ്രമിക്കുകയാണ് യുഡിഎഫ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടർന്നുള്ള പരിശോധനകളെ തടയാനും അതുവഴി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനുമാണ് അവരുടെ ഉദ്ദേശമെന്നാണ് കരുതേണ്ടത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News