പാസ്പോർട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തി വിമാനക്കമ്പനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

പാസ്പോർട്ട് കാലാവധി 6 മാസത്തിനും താഴെയെന്നു കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനിയോട്  7.25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാൻ കോടതിയുടെ വിധി. എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ്റേതാണ് നിർദ്ദേശം.  കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദിനാണ് മെലിൻഡോ എയർലൈൻസിൽ നിന്നും ദുരനുഭവം ഉണ്ടായത്. മകൻ്റെ ഏഴാം ജന്മദിനം ആഘോഷിക്കാനായി സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ എയർലൈൻസ് അധികൃതർ പാതിവഴിയിൽ തടയുകയായിരുന്നു. മജീദും കുടുംബവും ഒരു ട്രാവൽ ഏജൻസി വഴിയാണ് സിങ്കപ്പൂരിലേക്ക് പോകാനായി മെലിൻഡോ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലെത്തിയപ്പോൾ തുടർന്ന് സിങ്കപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് അധികൃതർ വിലക്കി.

ALSO READ: ‘ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല; ഗോവിന്ദൻ മാസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്’: പി വി അൻവർ

മജീദിൻ്റെ ഭാര്യയുടെ പാസ്പോർട്ടിന് ആറു മാസത്തിൽ താഴെയേ കാലാവധിയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയർലൈൻസ് അധികൃതർ അവരുടെ യാത്ര വിലക്കിയത്. എന്നാൽ, വിസയും നിലവിൽ സാധുവായ പാസ്പോർട്ടും ഭാര്യയ്ക്ക് ഉണ്ടെന്ന വസ്തുത ഭർത്താവ് മജീദ് ചൂണ്ടിക്കാണിച്ചെങ്കിലും  അധികൃതർ പരിഗണിച്ചില്ല. തുടർന്ന് മജീദിൻ്റെയും ഭാര്യയുടെയും അവരുടെ സംഘത്തിലുള്ള 70-കാരിയായ മാതാവ്, മക്കൾ എന്നീ ഏഴംഗ യാത്രക്കാരുടെയും ടിക്കറ്റുകൾ എയർലൈൻസ് റദ്ദാക്കി. പരാതിക്കാരനായ മജീദിൻ്റെ ഭാര്യ ഇതിനിടെ കുഴഞ്ഞുവീണെങ്കിലും വിശ്രമിക്കാൻ ആവശ്യമായ സൗകര്യവും നൽകിയില്ല. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട സംഭവത്തിൽ സംഘത്തിൻ്റെ  യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് അധികൃതർ സമ്മതിച്ചു. തുടർന്ന് ഏറെ വൈകി മറ്റൊരു വിമാനത്തിൽ സംഘത്തെ സിങ്കപ്പൂരിൽ എത്തിച്ചു. എന്നാൽ, ഇതിനിടെ ക്വാലാലംപുരിൽ ഇറക്കിയ സംഘത്തിൻ്റെ ലഗേജ് കാണാതായി. അവശ്യസാധനങ്ങൾ ഇല്ലാത്തതിനാൽ പുതിയവ അധികവിലയ്ക്ക്  വാങ്ങാൻ അവർ നിർബന്ധിതരായി. ഇതോടെയാണ് സംഭവത്തിൽ കോടതിയെ സമീപിക്കാൻ സംഘം തീരുമാനിക്കുന്നത്.

ALSO READ: പാമ്പിൽ നിന്നും പണം കൊയ്യുന്നവരെക്കുറിച്ച് അറിയുമോ? ഇല്ലെങ്കിലിതാ, പാമ്പിൻ വിഷത്തെയും അമൃതാക്കി മാറ്റുന്ന ഒരു കൂട്ടരുടെ കഥ..

സിങ്കപ്പൂരിൽ നാലുദിവസം ചെലവഴിക്കാനുള്ള കുടുംബത്തിൻ്റെ പദ്ധതി രണ്ടുദിവസമായി ചുരുക്കേണ്ടി വന്നതായും പരാതിയിൽ മജീദ് സൂചിപ്പിച്ചു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച കോടതി യാത്ര വിലക്കിയതിൽഎയർലൈൻസിന് വീഴ്ച പറ്റിയതായി അവർ രേഖാമൂലം സമ്മതിച്ചതായി ഡി.ബി. ബിനു പ്രസിഡൻ്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. മുതിർന്ന പൗരന്മാരും കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം അനുഭവിച്ച മാനസിക സംഘർഷവും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഏഴുപേർക്ക് ഓരോ ലക്ഷം രൂപ വീതം കണക്കാക്കി ഏഴുലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും നൽകാനാണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News