പ്രതികളുടെ എണ്ണത്തിലും കൗമാരക്കാരായ പ്രതികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ പത്തനംതിട്ട പോക്സോ പീഡനക്കേസിൽ മൂന്നു പ്രതികളൊഴികെ 56 പേരെയും അറസ്റ്റ് ചെയ്ത് പൊലീസ്. വിദ്യാർഥിനിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയവരുൾപ്പെട്ട കേസിൽ ഏറ്റവുമൊടുവിൽ ഇലവുംതിട്ട പൊലീസ് 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചയ്ക്കുള്ളിൽ ബഹു ഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചു.
സംഭവത്തിൽ ആകെയുള്ള 59 പ്രതികളിൽ 56 പേരും അറസ്റ്റിലായതായി ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു. ഊർജിതമായി തുടരുന്ന അന്വേഷണത്തിൽ ഇന്നലെ രാത്രിയും ഇന്നുമായി ഇലവുംതിട്ട പൊലീസ് 4 യുവാക്കളെ കൂടി കസ്റ്റഡിയിലെടുത്തു. അഖിൽ (27), ബിജിത്ത് (23), സൂരജ് (20), രാഹുൽ രാജു (25) എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: മലയാളികളുടെ സ്നേഹമറിഞ്ഞു, കേരളത്തിൻ്റെ വളർത്തുപുത്രി ഇനി ജന്മ നാടായ അസ്സമിലേക്ക്
ഇനി കിട്ടാനുള്ള 3 പേരിൽ രണ്ടു പേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഉൾപ്പെട്ട പ്രതികളാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ പൊലീസ് തുടരുകയാണ്. ഇലവുംതിട്ട പൊലീസ് ഇനി ഒരു പ്രതിയെ കൂടി മാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർഥിനിയുടെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്തത്.
പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതിൽ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, മലയാലപ്പുഴ പൊലീസ് സംഘം രണ്ടു ദിവസം ചെന്നൈയിൽ തങ്ങി, സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ രഹസ്യ നീക്കത്തിൽ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരും സാധാരണക്കാരുമാണ് അധികവും.
പ്രതികളിൽ പ്രായം കൂടിയയാൾ 44 കാരൻ മാത്രം. ഇപ്പോൾ 19 ഉം 20 ഉം വയസ്സുള്ളവർ സംഭവം നടക്കുമ്പോൾ കൗമാരക്കാരായിരുന്നു എന്നതും ശ്രദ്ധേയം. അറസ്റ്റിലായവരിൽ 5 പേർ ഇപ്പോഴും പ്രായപൂർത്തിയാകാത്തവരാണ്. പത്തനംതിട്ട 3, ഇലവുംതിട്ട 2 എന്നിങ്ങനെ. പ്രതികളിൽ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ്സ് കഴിഞ്ഞവർ രണ്ടുപേരും. 18 നും 25 നുമിടയിൽ പ്രായമുള്ളവരാണ് അധികവും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡന സംഭവങ്ങൾ തുടങ്ങുന്നതെന്നും സവിശേഷമാണ്.
ഇൻസ്റ്റഗ്രാം ബന്ധമാണ് പീഡന സംഭവങ്ങളുടെ തുടക്കമായത്. ഇതിലൂടെയുള്ള സന്ദേശങ്ങൾ കുറ്റകൃത്യത്തിൻ്റെ എണ്ണം നീളാൻ കാരണമായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചും മറ്റുചില സന്ദർഭങ്ങളിലും വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അന്വേഷണം മികച്ച നിലയിൽ മുന്നേറുമെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here