കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ അതിക്രൂരമായൊരു കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയത് കാണാതായ ആളുടെ ബന്ധുക്കളിലൊരാള്‍ കണ്ട ഒരു ദുസ്വപ്നം. സ്വപ്‌നത്തില്‍ക്കണ്ട സ്ഥലത്ത് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഒന്നല്ല 9 മൃതദേഹങ്ങളാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലീസ് സമീപത്തെ ബാറില്‍ നിന്നും പിടികൂടുകയും ചെയ്തു. അയാളെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞതോ സ്വന്തം ഭാര്യയുള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ അതിക്രൂരമായൊരു കൊലപാതക പരമ്പരയുടെ ചരിത്രവും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. നെയ്‌റോബിയിലെ മുകുറു ക്വാ എന്‍ജെംഗ പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള വലിയ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് 9 മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഏതാനും മാസങ്ങളായി യുവതികളെ കാണാതാകുന്നതായി പൊലീസിന് പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാണാതായ ജോസഫിന്‍ ഒവിനോ എന്ന യുവതിയുടെ ബന്ധുക്കളിലൊരാള്‍ മൃതദേഹം കിടക്കുന്ന സ്ഥലം ‘സ്വപ്‌നം്’ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തു വരുന്നതത്രെ. തുടര്‍ന്ന് സ്വപ്‌നത്തില്‍ കണ്ട സ്ഥലം അന്വേഷിച്ച് കണ്ടെത്തിയ ബന്ധു അവിടെ നാട്ടുകാരെയും മറ്റ് ബന്ധുക്കളെയും കൂട്ടി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് നൈലോണ്‍ ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നു ദിവസത്തിനു ശേഷം പ്രതിയെന്നു സംശയിക്കുന്ന കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനു സമീപത്തുള്ള ബാറില്‍ യൂറോകപ്പ് ഫൈനല്‍ കണ്ടിരിക്കുകയായിരുന്നു കക്ഷി. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തതോടെ പൊലീസ് അന്വേഷിച്ച 9 മൃതദേഹമുള്‍പ്പെടെ 42 കൊലപാതകങ്ങള്‍ താന്‍ ചെയ്തതാണെന്ന് സമ്മതിച്ചിരിക്കുകയാണ് പ്രതി. നേരത്തെ, നാട്ടുകാര്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നു ഖലുഷയുടെ ഭാര്യയുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൊലപാതക പരമ്പര ആരംഭിക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുള്ളത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ മരിച്ച 18നും 33നും ഇടയില്‍ പ്രായമുള്ള യുവതികളുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ നടത്തിയ കൊലപാതകങ്ങളാകാം ഇതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, എപ്പോഴാണ് മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതെന്നോ, മറ്റ് മൃതദേഹങ്ങള്‍ എവിടെയാണെന്നോ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ജൂണ്‍ 28നു കാണാതായതായി പരാതി ലഭിച്ചിട്ടുള്ള 24 വയസ്സുകാരി റോസ്ലിന്‍ ഒന്‍ഗോഗോയുടെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മുകുറുവില്‍ കാണാതായ ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ റോസ്ലിന്റെ മാതാപിതാക്കളാണ് ആളെ തിരിച്ചറിഞ്ഞത്.
അതേസമയം, കെനിയയിലെ ക്രൂരനായ ‘സീരിയല്‍ കില്ലറെ’ പിടികൂടിയതായി പൊലീസ് അവകാശപ്പെടുമ്പോള്‍ തന്നെ ധാരാളം വിമര്‍ശനങ്ങളും പൊലീസിനെതിരെ ഉയരുന്നുണ്ട്. പൊലീസ് സ്റ്റേഷനു തൊട്ടടുത്ത് നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപിക്കുന്ന പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുകുറു ക്വാ എന്‍ജെംഗ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുകയാണ് ആക്ടിങ് പൊലീസ് മേധാവി ഡഗ്ലസ് കഞ്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here