കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് മന്ത്രവാദം നടത്തിയ യുവതിയടക്കം 4 പേർ പൊലീസ് പിടിയിലായി. ഗഫൂറിൻ്റെ കയ്യിലുള്ള സ്വർണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് സംഘം ഗഫൂറിൻ്റെ വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നത്.
എന്നാൽ, മന്ത്രവാദം നടത്തിയ യുവതിയും സംഘവും ഗഫൂറിൻ്റെ വീട്ടിലെ 596 പവൻ സ്വർണവുമായി കടന്നു കളയുകയായിരുന്നു. ഈ സ്വർണം പിന്നീട് നൽകേണ്ടി വരുമോ എന്ന് ഭയന്നാണ് സംഘം കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രിലിൽ ആണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണസമയം വീട്ടിൽ മറ്റാരും ഉണ്ടാവാത്തതിനാൽ ഗഫൂറിൻ്റേത് സ്വാഭാവിക മരണമാണെന്നാണ് ഭാര്യയും മക്കളും കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് സ്വർണം നഷ്ടമായ വിവരം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തിൽ സംശയമുയരുകയും തുടർന്ന് ഗഫൂറിൻ്റെ മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here