സംഗീതജ്ഞൻ അലൻ വാക്കർ ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശക്കിടെ ആസ്വാദകരായെത്തിയ കാണികളുടെ ഐ ഫോണുകളും ആൻഡ്രോയ്ഡ് ഫോണുകളും മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമായെന്ന സംശയവുമായി പൊലീസ്. മോഷണം നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു പരിപാടിയില്‍ നിന്നും 22 ഐ ഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളുമാണ് മോഷ്ടിക്കപ്പെട്ടത് എന്നത് പൊലീസിനും ഞെട്ടലുളവാക്കുന്നതായിരുന്നു. മോഷണത്തിനു പിന്നില്‍ വൻ നഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും സംഘമായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന്‍റെ രീതി സംഘടിതമായ ഒരു കുറ്റകൃത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന നടത്തി വരുകയാണെന്നും പൊലീസ് പറഞ്ഞു.
ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാള്‍ അതിന്‍റെ ലൊക്കേഷന്‍ നോക്കിയപ്പോള്‍ നെടുമ്പാശ്ശേരി എന്ന് കാണുകയും ഇതറിഞ്ഞ പൊലീസ് സംഘം ഉടൻ നെടുമ്പാശ്ശേരിയിലെത്തി പരിസരത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഫോണ്‍ ലൊക്കേഷന്‍ മുംബൈ എന്ന് മാറി കാണിക്കുകയും ചെയ്തു. മോഷണത്തിനു പിന്നില്‍ വന്‍ ആസൂത്രണം നടന്നിട്ടുണ്ടെന്ന് ഇതോടെയാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേ മാതൃകയിൽ മുമ്പ് മുംബൈയിലും ഡൽഹിയിലും ബെംഗളൂരുവിലുമെല്ലാം മോഷണം നടന്നിട്ടുണ്ടെന്നും ഇതിലൊന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൊബൈലുകൾ വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്.
ALSO READ: തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം: എം വി ഗോവിന്ദൻ മാസ്റ്റർ
മോഷണം നടക്കാൻ യാതൊരു സാധ്യതയും ഇല്ലെന്ന് കരുതിയിടത്താണ് മോഷണം നടന്നിട്ടുള്ളതെന്നാണ് ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ പറയുന്നത്. പൂര്‍ണമായും വിഐപി ഏരിയ ആയിരുന്നു അത്. സംഗീതപരിപാടിക്കിടെ ചെറിയ മഴ പെയ്തിരുന്നു. ഈ സമയം പരിപാടിയുടെ വിഡിയോ പകർത്തിയ ശേഷം മൊബൈൽ പോക്കറ്റിലിട്ടത് മാത്രമാണ് ഫോണിനെ സംബന്ധിച്ച് ഓര്‍മയിലുള്ളതെന്നും പിന്നീട്, തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഫോൺ നഷ്ടപ്പെട്ട വിവരമറിയുന്നതെന്നും ഫോണ്‍ നഷ്ടമായ ആള്‍ പറഞ്ഞു. തുടര്‍ന്ന് ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ആദ്യം നെടുമ്പാശ്ശേരിയിലെന്നും പിന്നീട് മുംബൈയിലെന്നും മാറി മാറി കാണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here