ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം നൽകി രാഷ്‌ട്രപതി.രാജ്യത്തെ പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ. ഈ ആഴ്ചയായിരുന്നു ബിൽ പാർലമെന്റ് പാസാക്കിയത്. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുന്ന, അല്ലെങ്കിൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്തുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.
ഉപയോക്തൃ ഡാറ്റ അല്ലെങ്കിൽ വ്യക്തി വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അത് സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്വമുണ്ടെന്നും പുതിയ നിയമത്തിൽ നിർദേശിക്കുന്നു. ഈ നിയമം അനുസരിച്ച് രക്ഷിതാക്കളുടെ സമ്മതത്തിന് ശേഷം മാത്രമേ കുട്ടികളുടെ ഡാറ്റ പ്രൊസസ് ചെയ്യാൻ പാടുകയുള്ളു എന്നും ബില്ലിൽ പറയുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിനെയും, വ്യക്തികളെയും വിവരം അറിയിക്കേണ്ടതുണ്ട്.
രാഷ്ട്രപതിയുടെ അംഗീകാരത്തിന് ശേഷം 10 മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിച്ച് നിയമം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇനി മുതൽ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിലെ ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും കഴിയുകയുള്ളു. ആഗസ്റ്റ് 7ന് ലോക്സഭയുടെ അനുമതി ലഭിച്ച ബില്ല് ആഗസ്റ്റ് 9നാണ് രാജ്യസഭ പാസാക്കിയത്. 2022 നവംബറിലാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ആദ്യമായി അവതരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here