ആലപ്പുഴയില്‍ രാജധാനി എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി റെയില്‍വേ പൊലീസ്. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് റെയിൽവെയുടെ ആവശ്യം.. മലയാളി സൈനികനായ പത്തനംതിട്ട ജില്ലയിലെ കടപ്ര സ്വദേശി പ്രതീഷ് കുമാറിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി.
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ശേഷം ശീതള പാനീയത്തില്‍ മദ്യം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ റെയില്‍വേ പൊലീസ് പത്തനംതിട്ട സ്വദേശിയായ സൈനികനെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മൂന്നു മണിയോടുകൂടിയാണ് പീഡനം നടന്നതെന്നാണ് സാഹചര്യ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഈ സമയം മറ്റു യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു ഇതിനിടയില്‍ എങ്ങനെ പീഡനം നടന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഒപ്പം ട്രെയിനില്‍ യാത്ര ചെയ്ത ചില യാത്രക്കാരെ റെയില്‍വേ പൊലീസ് ടെലിഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഭവത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിനും ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. പെണ്‍കുട്ടിയുടെയും മറ്റും മെഡിക്കല്‍ പരിശോധന നടത്തിയെങ്കിലും പീഡനം നടന്നതിന്റേതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് കോടതിയില്‍ 164 കൊടുത്ത് കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതും സൈനികനെ അറസ്റ്റ് ചെയ്തതും അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ സൈനികന്റെ മേലധികാരികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സൈനികനെതിരെ നടപടി ഉണ്ടാകും. പെണ്‍കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി മദ്യം വാങ്ങി കഴിക്കുകയായിരുന്നു എന്നാണ് സൈനികന്റെ മൊഴി. പീഡിപ്പിച്ചു എന്ന മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേ അന്വേഷണം ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here