ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിട്ടില്ല. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. ലഭിച്ച പരാതി പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത 5 പേജുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ അറിയിച്ചത്.
മൊഴി നൽകിയവരുടെയും പരാതിക്കാരുടെയും സ്വകാര്യതയെ മാനിച്ച് നീക്കം ചെയ്ത 49 മുതൽ 53 വരെയുള്ള ഭാഗമാണ് പുറത്തുവിടാനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുറത്തുവിടില്ലെന്ന് കമ്മീഷൻ അറിയിച്ചു. ലഭിച്ച പരാതി ആരുടേതാണെന്നും എന്താണെന്നും നിലവിൽ കമ്മീഷൻ പുറത്തു വിട്ടിട്ടില്ല. അതേസമയം, റിപ്പോർട്ടില്‍ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണെന്നും കമ്മീഷൻ പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് പുറത്തു വിടാതിരുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
റിപ്പോർട്ടിൽ കൂടുതൽ സ്വകാര്യത സംരക്ഷിക്കേണ്ട ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഹേമ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത് പ്രകാരമാണ് ആർടിഐ ഉദ്യോഗസ്ഥൻ 11 ഖണ്ഡിക നീക്കം ചെയ്തത്. എന്നാൽ, ഒഴിവാക്കിയ ഭാഗങ്ങളുടെ പകർപ്പ് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലാണ് ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ച സാഹചര്യത്തിൽ പരാതി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here