മുണ്ടക്കൈയിലെ രക്ഷാദൗത്യം ഇനി 6 സോണുകള്‍ കേന്ദ്രീകരിച്ച്; മന്ത്രി കെ. രാജന്‍

മുണ്ടക്കൈയിലെ രക്ഷാദൗത്യം നാളെ മുതല്‍ 6 സോണുകള്‍ കേന്ദ്രീകരിച്ച്, 40 ടീമുകളായാണ് നടത്തുകയെന്ന് മന്ത്രി കെ. രാജന്‍. വയനാട്ടില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമതും പുഴയുടെ അടിവാരം ആറാമത്തെ സോണുമായിരിക്കും. ദൗത്യസംഘത്തില്‍ പട്ടാളം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ്ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടായിരിക്കും. ഇതിനുപുറമെ വെള്ളിയാഴ്ച മുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചില്‍ തുടങ്ങും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് തെരയും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിലും നടത്തും.

ALSO READ: ദുരന്തമേഖല സന്ദര്‍ശിക്കരുതെന്ന നയം സര്‍ക്കാരിനില്ല: നിര്‍ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനംവകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും. 25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 6 നായകളാണ് തെരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും നാലു കഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് വേണ്ടത്ര ജെസിബി, ഹിറ്റാച്ചി, കട്ടിങ് മെഷീന്‍ എന്നിവയും ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പങ്കെടുത്തു. നേരത്തെ മന്ത്രിസഭാ ഉപസമിതി വിവിധ സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും യോഗം ചേര്‍ന്നു. എല്ലാ സേനകളും വ്യാഴാഴ്ച നടത്തിയ പ്രവര്‍ത്തനങ്ങളും നാളെ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളും വിവരിച്ചു. 1200 പേര്‍ വ്യാഴാഴ്ചത്തെ തെരച്ചിലില്‍ മൊത്തം പങ്കെടുത്തതായി സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News