ശ്രീകാര്യത്തെ കടുത്ത ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമാകുന്നു. നഗരത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർമിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിച്ചതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 177 കോടി രൂപ നിർമാണച്ചെലവിൽ നിർമിക്കാനുദ്ദേശിക്കുന്ന മേൽപ്പാലത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മേൽപ്പാല നിർമാണത്തിൽ കൊച്ചി മെട്രോ റെയിൽ മേൽനോട്ടം വഹിക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ശ്രീകാര്യം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർമ്മിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. 177 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്. കിഫ്ബിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നത്. കൊച്ചി മെട്രോ റെയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഭാവിയിൽ തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകാൻ പോകുന്ന ലൈറ്റ് മെട്രോ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേൽപ്പാലത്തിന് അടിത്തറയിടുന്നത്. ലൈറ്റ് മെട്രോ പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കിവരികയാണ്. പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന ചുവടുവെയ്പുകളാണ് ഈ കാലയളവിൽ നാം നടത്തിയത്. സമഗ്രമായ വികസന കാഴ്ചപ്പാടോടെ മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പാക്കി മുന്നോട്ട് കുതിക്കുകയാണ് സർക്കാർ. അതിന്റെ ദൃഷ്ടാന്തമാവുകയാണ് ശ്രീകാര്യത്ത് യഥാർഥ്യമാവുന്ന മേൽപ്പാലം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here