ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത ബോബി ചെമ്മണ്ണൂരിൻ്റെ നടപടി നിയമത്തെ ധിക്കരിക്കലാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. പരാതിക്കാരായ സ്ത്രീകളെ മോശക്കാരാക്കി മാറ്റാനുള്ള ശ്രമം സമൂഹത്തിൽ ഒരു വിഭാഗം നടത്തുന്നുണ്ട് ഇത് മാറ്റപ്പെടണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. വീട്ടുകാർ അധിക്ഷേപിച്ചതിനെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടിയിൽ 19 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
ഇത്തരം സംഭവങ്ങളിൽ വീടുകൾക്കകത്തും ആശയവിനിമയത്തിൻ്റെ കുറവുണ്ടെന്നും വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അന്തസ്സ് കെടുത്തുന്ന തരത്തിൽ അധിക്ഷേപം നടത്തുന്നവർക്കെതിരെ വനിതാ കമ്മീഷൻ നടപടിയെടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരും കർശന നടപടിയുമായി മുന്നോട്ട് പോകുമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
വനിതാ കമ്മീഷന് ഇതുവരെ ലഭിച്ച 117 പരാതികളിൽ 27 പരാതികൾ തീർപ്പാക്കി. കമ്മീഷന് ലഭിക്കുന്നത് കൂടുതലും ഗാർഹിക പ്രശ്നങ്ങളാണെന്നും തൊഴിലിടങ്ങളിലെ ഹരാസ്മെൻ്റ് പരാതിയും പരിഗണിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
പല സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉണ്ടാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ ശ്ലാഘനീയമാണെന്നും വനിതാ കമ്മീഷൻ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ലഭിച്ച പരാതികളിൽ പൊലീസ് അന്വേഷണം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here