![](https://www.kairalinewsonline.com/wp-content/uploads/2023/09/Untitled-1-Recovered-36.jpg)
വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. ലോൺ ആപിൽ നിന്ന് പണം കടമെടുത്തതും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതും ആത്മഹത്യക്ക് കാരണമായതായാണ് പൊലീസ് നിഗമനം.അതേ സമയം ജില്ലയിൽ ലോൺ ആപ് സംബന്ധിച്ച് മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പണം തിരികെ ആവശ്യപ്പെട്ട് കാൻഡി മണി എന്ന ലോൺ ആപിൽ നിന്ന് തുടർച്ചയായി അജയ്‌രാജിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന്റെ അഞ്ച് മിനുട്ട് മുൻപ് വരെ ഇത്തരം സന്ദേശങ്ങൾ ലഭിച്ചു.മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും പ്രചരിച്ചു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചിത്രങ്ങൾ ലഭിച്ചതോടെ അജയ്‌രാജ് മാനസിക സംഘർഷത്തിലായെന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹത്തിന്റെ രണ്ട് ഫോണുകൾ സൈബർ വിഭാഗം പരിശോധിക്കുകയാണ്.ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
ALSO READ:മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുള്ള പൊലീസുകാരന് സസ്പെൻഷൻ
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അജയ്‌രാജിന് ബാധ്യതകളുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിക്കും. വാട്സാപ്പ് സന്ദേശങ്ങളും ഭീഷണി ഫോൺ കോളുകളും തെളിവായെടുക്കും. സംസ്ഥാനത്തിന് പുറത്തുള്ള പണമിടപാട് സംഘങ്ങളുടെ സമാന രീതിയിലുള്ള ഭീഷണികളിൽ ഈ വർഷം 20 പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ട മൂന്ന് പരാതികൾക്കൊപ്പം ഈ കേസിലും പൊലീസ് വിശദമായ അന്വേഷണത്തിനാണ് തയ്യാറെടുക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here