കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേയുടെ ആകെ വരുമാനത്തിൽ 25 ശതമാനം വളർച്ച നേടിയതായി കണക്കുകൾ. 2.40 ലക്ഷം കോടിയാണ് 2022-23 സാമ്പത്തിക വർഷത്തിലെ വരുമാനം. മുൻ വർഷത്തേക്കാൾ 49,000 കോടി രൂപയാണ് അധികം നേടിയിരിക്കുന്നത്.
ചരക്ക് വരുമാനത്തിലും കുതിപ്പാണ് പോയ വർഷം റെയിൽവേക്ക് ഉണ്ടായത്. മുൻവർഷത്തേക്കാൾ 15 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയാണ് വരുമാനം. യാത്രക്കാരുടെ വരുമാനം ഉയർന്ന 61 ശതമാനം വളർച്ച രേഖപ്പെടുത്തി 63,300 കോടി രൂപയിലെത്തി. 39,214 കോടി രൂപയാണ് യാത്രക്കാരില്‍നിന്നുള്ള 2022-23 വർഷത്തെ വരുമാനം. 2022-23 ൽ റെയിൽവേയുടെ ആകെ ചെലവ് 2,37,375 കോടി രൂപയാണ്. ഇളവുകൾ വെട്ടിക്കുറച്ചും ഫ്ലക്സി നിരക്കിൽ ട്രെയിനുകളോടിച്ചുമാണ് റെയിൽവേ ഈ വരുമാന വർധന നേടിയത്.
ദക്ഷിണ റെയിൽവേയുടെ കീഴിൽ വരുന്ന റെയിൽവേ സ്റ്റേഷനുകളുടെ വരുമാനക്കണക്കിൽ ആദ്യ പത്തിൽ കേരളത്തിൽ നിന്നും മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇടം പിടിച്ചു. വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും എറണാകുളം സൗത്തും കോഴിക്കോടുമാണ് ആദ്യ സ്ഥാനങ്ങളിൽ ഉൾപ്പെട്ടത്. പട്ടികയിൽ തിരുവനന്തപുരം നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് ഒൻപതാം സ്ഥാനത്തുമാണുള്ളത്.
205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്റെ 2022-23 വർഷത്തെ വരുമാനം. 193.34 കോടി രൂപയാണ് എറണാകുളം സ്റ്റേഷൻ്റെ വരുമാനം. കോഴിക്കോടിന് 148.90 കോടിയുമാണ് പോയവർഷം വരുമാനമായി ലഭിച്ചത്. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെൻട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോറാണ് തൊട്ടു പിന്നിൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here