പാമ്പെന്നു കേൾക്കുമ്പോഴേ പേടി വരുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ, ഇതേ പാമ്പുകളെക്കൊണ്ട്, അതും വിഷപ്പാമ്പുകളെക്കൊണ്ട് കോടികൾ കൊയ്യുന്ന ചിലരുണ്ടെങ്കിലോ? കൌതുകം തോന്നിയോ? എങ്കിൽ, അങ്ങനെയും ചിലർ ഉണ്ട്. പാമ്പുകളെ പിടിച്ച് അവയുടെ വിഷം ശേഖരിച്ചു കൊണ്ട് ധനികരായവർ. തമിഴ്നാട്ടിലുള്ള ഇരുള സഹകരണ സംഘമാണ് പാമ്പിൻ വിഷമുപയോഗിച്ച് വിജയഗാഥ രചിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഔഷധ നിർമാതാക്കൾക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1800 ഗ്രാം പാമ്പിൻ വിഷം വിറ്റു കൊണ്ട് ഇവർ നേടിയത് 2.36 കോടി രൂപയുടെ ലാഭമാണ്. തമിഴ്നാട്ടിലെ ഇരുള ഗോത്ര വിഭാഗക്കാരെ മനസ്സിലായില്ലേ? നടൻ സൂര്യ നായകനായ ‘ജയ്ഭീം’ സിനിമയിലൂടെ രാജ്യശ്രദ്ധ നേടിയ അതേ ഇരുള വിഭാഗക്കാർ തന്നെ. ഇവരുടെ ജീവനോപാധിയാണ് പാമ്പു പിടിത്തം.
ഇവർ പിടിക്കുന്ന വിഷ പാമ്പുകളിൽ നിന്നും തമിഴ്നാട്ടിലെ മഹാബലിപുരത്തിനടുത്തുള്ള നെമ്മേലിയിലെ ഇരുള സ്നേക്ക് കാച്ചേഴ്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് വിഷം ശേഖരിക്കുന്നത്. 1978-ൽ സ്ഥാപിതമായ ഈ സൊസൈറ്റിയാണ് രാജ്യത്തിനാവശ്യമുള്ള പാമ്പു വിഷത്തിൻ്റെ 80 ശതമാനവും ശേഖരിക്കുന്നത്. സംഘത്തിനു കീഴിലുള്ള ഇരുള വിഭാഗക്കാർക്ക് ഒരു വർഷം 9000 പാമ്പുകളെ പിടികൂടാനാണ് അനുമതി. ഇവർക്ക് ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നും പാമ്പുകളെ പിടിക്കാം. എന്നാൽ, വനപ്രദേശങ്ങളിൽ നിന്നും പാമ്പിനെ പിടിക്കാൻ അനുമതിയില്ല. ഇത്തരത്തിൽ പിടികൂടുന്ന പാമ്പുകളെ ഇവർ 28 ദിവസം സൂക്ഷിക്കും. നാലുതവണ വിഷമെടുക്കും. പിന്നീടവയെ കാട്ടിലേക്കു തന്നെ തുറന്നുവിടും. ഒരു പാമ്പിനെ പിടിച്ചാൽ അവയുടെ ഇനമനുസരിച്ച് 300 രൂപ മുതൽ 2300 രൂപ വരെയാണ് ഇവർക്ക് ലഭിക്കുക. പാമ്പു കടിക്കുള്ള ആൻ്റി വെനം നിർമിക്കുന്നതിനും മറ്റ് ഔഷധങ്ങളിൽ ചേർത്തുന്നതിനുമായാണ് ഈ വിഷം സൊസൈറ്റി പിന്നീട് ആവശ്യക്കാർക്ക് നൽകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here