റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിന് മുകളിൽ വച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോണുകൾ തകർത്ത റഷ്യൻ നടപടിയുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ കടുപ്പിക്കുകയാണ് ഇരുചേരികളും. യുക്രെയ്ൻ പ്രസിഡൻ്റ് സെലിൻസ്കിയെ ഉടൻ വധിക്കണം എന്നാണ് നേരത്തെ റഷ്യയുടെ പ്രസിഡൻ്റായും പ്രധാനമന്ത്രിയായുമൊക്കെ പ്രവർത്തിച്ചിട്ടുള്ള ദിമിത്രി മെദ്വദേവിൻ്റെ പ്രതികരണം. കഴിഞ്ഞദിവസം നടന്ന ഡ്രോൺ ആക്രമണ നീക്കത്തോടെ സെലിൻസ്കിയെ വധിക്കാതിരിക്കാൻ ഇനി ഒരു കാരണവും ബാക്കിയില്ലെന്നും മെദ്വദേവ് തുറന്നടിക്കുന്നുണ്ട്. യുക്രെയിനിലെ ബാക്മത്ത് കേന്ദ്രീകരിച്ച് തുടർന്ന് വന്നിരുന്ന സൈനിക നീക്കം ഇരു രാജ്യങ്ങളും കടുപ്പിച്ചതായും സൂചനകളുണ്ട്.
അതേസമയം, യുക്രൈനിന്റെ ഭൂപ്രദേശം സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും റഷ്യൻ മണ്ണിൽ കയറി പുടിനെ ആക്രമിക്കേണ്ട കാര്യം ഞങ്ങൾക്ക് ഇല്ലെന്നുമാണ് സെലിൻസ്കിയുടെ പ്രതികരണം. റഷ്യൻ പ്രസിഡൻ്റിന് നേരെയുള്ള ആക്രമണ നീക്കം സ്ഥിരീകരിക്കാനായിട്ടില്ലെന്ന അമേരിക്കൻ പ്രതികരണം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വിഷയത്തിൽ കടുത്ത പ്രതികരണങ്ങൾ വേണമെന്നാണ് റഷ്യൻ ആവശ്യം.
മോൾഡോവയിലെ റഷ്യൻ അനുകൂല സ്വതന്ത്ര ഭൂപ്രദേശമായ ട്രാൻസ്നിസ്ട്രിയയിലുള്ള ആയുധ ഡിപ്പോയിലേക്ക് യുക്രൈൻ നാലായിരം സൈനികരെ വിന്യസിച്ച് ആക്രമണം നടത്താൻ ലക്ഷ്യമിടുന്നതായും റഷ്യ ആരോപിക്കുന്നുണ്ട്. ക്രീമിയയിൽ മുതിർന്ന റഷ്യൻ നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ തയ്യാറെടുത്ത അക്രമിയെയും പിടികൂടിയതായി റഷ്യ പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here