കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍ പരാജയപ്പെട്ടു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് കാലതാമസമുണ്ടായതിനെയും കോടതി ചോദ്യം ചെയ്തു. അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
Also read:രോഹിത് ശർമയുടെ ടീമിൽ ഒരിക്കലും ഗെയ്ക്ക്‌വാദ് ഉണ്ടാകില്ല? ; വീണ്ടും റുതുരാജിനെ തഴഞ്ഞ് സെലക്ടർമാർ
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. കേസില്‍ മമതക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പെലീസിന് കാലതാമസമുണ്ടായതെന്തെന്ന് ചോദിച്ച കോടതി പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം നിര്‍ബന്ധമായും ഉണ്ടാകേണ്ട ‘ചെല്ലാന്‍’ ലഭ്യമല്ലാത്തതിനെയും വിമര്‍ശിച്ചു. ചെല്ലാന്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കാണാതെ പോയതാണെങ്കില്‍ നാളെത്തന്നെ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.
അതേസമയം രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ നാളെത്തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. വൈകിട്ട് 5 മണിക്ക് മുമ്പായി ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം അച്ചടക്ക നടപടിയുണ്ടാകും. എന്നാല്‍ ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അടങ്ങിയ ബെഞ്ച് പരിശോധിച്ചു. ആശുപത്രികളില്‍ സിസിടി വി കാമറകള്‍ ഉള്‍പ്പെടെ ഉടന്‍ സ്ഥാപിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് സംബന്ധിച്ച പുതിയ തല്‍സ്ഥിതി റിപ്പേര്‍ട്ട് ഈ മാസം 17 മുന്‍പായി സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ സംഭവത്തില്‍ സംസ്ഥാനത്ത് ഇന്നും ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധത്തിന്റെ മറവില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയാണ് ബി ജെ പി തൃണമൂല്‍ പ്രവര്‍ത്തകരെന്ന ആക്ഷേപവും ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here