പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നത് ഒരിക്കൽ കൂടി മാറ്റിവെക്കണമെന്ന ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കേസ് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ളതാണെന്നും വീണ്ടും വീണ്ടും മാറ്റിവെക്കാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് കേസ് മാറ്റണമെന്ന അഭിഭാഷകൻ്റെ തുടർച്ചയായ ആവശ്യം മാനിച്ച് ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാനായി മാറ്റുകയും ഇനി കേസ് മാറ്റില്ലെന്ന് അഭിഭാഷകനെ അറിയിക്കുകയും ചെയ്തു.
മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ എന്നിവർ നൽകിയ ഹർജികൾ ആണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസിൽ ഹർജി നൽകിയിരുന്ന മുൻ മന്ത്രി ടി.എച്ച്. മുസ്തഫ മരിച്ചതിനാൽ അദ്ദേഹത്തിൻ്റെ ഹർജി സുപ്രീംകോടതി ഒഴിവാക്കുകയും ചെയ്തു.
കേസിൽ സീനിയർ അഭിഭാഷകന് ഇന്ന് പങ്കെടുക്കാനില്ലെന്ന് കാണിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റാൻ കോടതിയിൽ അഭിഭാഷകൻ ആവശ്യമുന്നയിച്ചിരുന്നത്. ഈ ആവശ്യം പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here