ബൃന്ദ കാരാട്ടിന്‍റെ ചരിത്രപരമായ ഇടപെടലിന്‍റെകൂടി വിജയം; ബുൾഡോസർ രാജിനെതിരായ സുപ്രീം കോടതി വിധി ചർച്ചയാകുന്നു

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി മാറുമ്പോൾ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട് നടത്തിയ ചരിത്രപരമായ സമരത്തിന്‍റെ വിജയം കൂടിയായി അത് മാറുന്നു. 2020 ഏപ്രിൽ 20ന് ഹനുമാൻ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർപുരിയിലെ സി ബ്ലോക്കിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ദില്ലി കോർപറേഷൻ നീക്കം തടഞ്ഞാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. കെട്ടിടങ്ങൾ പൊളിക്കരുതെന്ന സുപ്രീം കോടതി വിധി മറികടന്ന് അധികൃതർ നടപടിയുമായി മുന്നോട്ടുപോയപ്പോഴാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി ബുൾഡോസറിന് മുന്നിൽ കയറി നിന്നത്. അതേസമയം ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു. വിധി വന്നതോടെ ബിജെപി ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും പാവപ്പെട്ടവർക്കും നീതി ലഭിച്ചുവെന്നും ബൃന്ദ പറഞ്ഞു.

ALSO READ: അമ്മയുടെ രോഗം ചികിൽസിച്ച് ഭേദമാക്കിയില്ല, ചെന്നൈയിൽ ഡോക്ടർക്കു നേരെ മകൻ്റെ ആക്രമണം, കത്തിക്കുത്ത്- അറസ്റ്റ്

കേസുകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി ഉത്തരവിട്ടിരുന്നു. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഏതെങ്കിലും കാരണത്താൽ വീടുകൾ ഒഴിപ്പിക്കണമെങ്കിൽ നിയമപരമായി നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുളള വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ പൊളിക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരു പ്രതി കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടതും ശിക്ഷിക്കേണ്ടതും കോടതികളാണ്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് അവകാശമില്ലെന്നും അധികാര ദുര്‍വിനിയോഗമാണിതെന്നും സുപ്രീംകോടതി തുറന്നടിച്ചു.

ALSO READ: കർഷകരുടെ ക്ഷേമത്തിനായി ഭരണമാറ്റം അനിവാര്യം: ശരദ് പവാർ

പാര്‍പ്പിടം എന്നത് ഒരു പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണ്. ജനാധിപത്യത്തിന്റ വളര്‍ച്ചയ്ക്ക് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുളള മാര്‍ഗ്ഗരേഖയും സുപ്രീംകോടതി പുറത്തിറക്കി. 15 ദിവസത്തിന് മുമ്പ് നോട്ടീസ് നല്‍കി ഇരകള്‍ക്ക് അപ്പീല്‍ നല്‍കാനുളള സാവകാശം നിയമപരമായ അവകാശവും ഉറപ്പുവരുത്തുന്ന മാര്‍ഗ്ഗരേഖയാണ് പുറത്തിറക്കിയത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗ്ഗീയ ആക്രമണമായിട്ടായിരുന്നു ബിജെപി ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം സിപിഐഎം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ തീര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News