അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നിയമസഭയിൽ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ശീർഷകഗാനം പുറത്തിറങ്ങി.  മന്ത്രി എം ബി രാജേഷ് ശീർഷകഗാനം പങ്കുവെച്ചു. നവംബർ ഒന്ന് മുതൽ ഏഴു വരെ നിയമസഭാ സമുച്ചയത്തിൽ ആണ് അന്താരാഷ്‌ട്ര പുസ്തകോത്സവം നടക്കുന്നത്. അക്ഷരവെട്ടമുയർത്തിവരുന്നൊരു പുസ്തകഗാനമിതാ എന്ന് തുടങ്ങുന്ന ഗാനം ഹിഷാം ആണ് പാടിയിരിക്കുന്നത്.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവഹിക്കുന്നത്.

ALSO READ:അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷൺ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിക്കും. നവംബർ ഒന്നിന് രാവിലെ 10ന് സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. 240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

ALSO READ:എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണം; കരുവന്നൂർ കേസിൽ കോടതിയിൽ അപഹാസ്യരായി ഇ ഡി

സ്മൃതി സന്ധ്യ, കെഎൽഐബിഎഫ് ടോക്‌സ്, കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്‌സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പ്രത്യേക പരിപാടികളും നടക്കും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും മറ്റ് മൂന്ന് വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികൾ അരങ്ങേറുക എന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. 160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News