അമേരിക്കൻ പ്രസിഡൻ്റാവാൻ പോകുന്ന ഒരാളെ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് റദ്ദാക്കി യുഎസ് ഡിസ്ട്രിക്ട് കോടതി. സിറ്റിങ് പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന അമേരിക്കയുടെ ദീർഘകാല നയത്തിൻ്റെ ഭാഗമായാണ് ട്രംപിനെതിരായ കേസ് കോടതി റദ്ദാക്കിയത്. എന്നാൽ, പ്രസിഡൻ്റിൻ്റെ കാലാവധി അവസാനിക്കുന്നതോടെ നടപടിക്രമങ്ങൾ പുനരാരംഭിക്കും.
2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡോണൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന് കാണിക്കുന്ന നാല് ആരോപണങ്ങൾ അദ്ദേഹം പ്രസിഡൻ്റായി ചുമതലയേൽക്കുന്നതിനു മുൻപ് തള്ളിക്കളയാൻ ആവശ്യപ്പെട്ടു കൊണ്ട് പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്താണ് ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടത്.
കേസ് മരവിപ്പിക്കേണ്ടത് പ്രതിക്കെതിരായ ആരോപണങ്ങൾ ശക്തമല്ലാത്തതുകൊണ്ടോ വ്യാജമായതുകൊണ്ടോ അല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തന്യ ചുട്കനു നൽകിയ പ്രമേയത്തിൽ ജാക്ക് സ്മിത്ത് ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ച അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് നിലവിലെ നിയമങ്ങൾ അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന് വിലയിരുത്തുകയും തുടർന്ന് കേസ് റദ്ദാക്കുകയുമായിരുന്നു.
എന്നാൽ പ്രസിഡൻ്റ് സ്ഥാനമൊഴിയുമ്പോൾ ഈ വിധി കാലഹരണപ്പെടുമെന്നും കേസുമായി ബന്ധപ്പെട്ട നടപടികൾ അപ്പോൾ തുടരുമെന്നും ജഡ്ജി വിധി ന്യായത്തിൽ വ്യക്തമാക്കി. ജനുവരി 20നാണ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ചുമതലയേൽക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here