ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ ജോൺ ബ്രിട്ടാസ് എംപി എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തിൽ നിന്ന് എത്തുന്നത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലോക കേരളാ സഭ ഡയറട്കർ കെ വാസുകി എന്നിവർ ഉദ്യോഗസ്ഥ സംഘത്തിൽ പെടുന്നു.
ജൂൺ 9, 10, 11 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക്ക് ടൈം സ്ക്വയറിൽ തയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും.
സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകൾ നടക്കുക. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ഈ ദിവസം ചർച്ച ചെയ്യും. നോർക്കാ റെസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന “അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.
ഡോ ജോൺ ബ്രിട്ടാസ് എംപി ”നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും” എന്ന വിഷയം അവതരിപ്പിക്കും. ” മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും” എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്.
ലോക കേരള സഭാ ഡയറക്ടർ ഡോ . കെ വാസുകിയാണ് “മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും” എന്ന വിഷയം സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികൾ അവരുടെ നിർദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.
അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിൽ ഉണ്ടാവുക. മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തിൽ നിന്നുള്ള വിദ്യാര്‍ത്ഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ന്യൂയോർക്കിലെ പരിപാടി കഴിഞ്ഞ് വാഷിങ്ടൺ ഡിസിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here