വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായി .ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ഏർപെടുത്തിയ ബില്ലാണ് പാസാക്കിയത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.
നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലിനെ 454 എംപിമാർ അനുകൂലിച്ചപ്പോൾ 2 എം പിമാർ എതിർത്ത് വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻ മേൽ വോട്ടെടുപ്പ് നടത്തിയത്. മണ്ഡല പുനര്‍ നിര്‍ണയത്തിനും സെന്‍സസിനും ശേഷമേ സംവരണം യാഥാര്‍ത്ഥ്യമാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.
ALSO READ:ഇത്രയധികം ജനദ്രോഹം ചെയ്ത മറ്റൊരു ജനപ്രതിനിധിയില്ല; കുഴൽനാടനെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു
കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധി മുതല്‍ അമിത് ഷാ വരെ 60 എംപിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റെ ആശയമാണെന്നും രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നെന്നും സോണിയഗാന്ധി പറഞ്ഞു. ഒബിസി സംവരണം കൂടി ഉള്‍പ്പെടുത്തണമെന്നും സോണിയഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ ചര്‍ച്ച. ഒബിസി സംവരണമില്ലാത്ത ബില്‍ അപൂര്‍ണമാണെന്നും ഇത് നടപ്പാക്കുന്ന കാലതാമസത്തിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തളളുകയും ചെയ്തു. നാളെ രാജ്യസഭയിലും വനിതാ സംവരണ ബില്ലിന്മേല്‍ ചര്‍ച്ച നടക്കും. പിന്നീട് രാജ്യസഭയിലും പാസാകുന്നതോടെ ബില്‍ നിയമമാകും.
അതേസമയം വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here