അമേരിക്കൻ തെരഞ്ഞെടുപ്പിലെ വീറും വാശിയും ബാലറ്റിൽ പ്രതിഫലിക്കുന്ന ദിനമാണിന്ന്. 107 ദിവസത്തെ പ്രചാരണത്തിനൊടുവിൽ അവശേഷിക്കുന്ന ഡൊണാൾഡ് ട്രംപോ, കമലാ ഹാരിസോ എന്ന ചോദ്യത്തിന് രാജ്യം ഉത്തരമെഴുതുന്ന ദിനം. അതെ, അമേരിക്കൻ ജനത അവരുടെ അടുത്ത പ്രസിഡൻ്റിനെ തേടി പോളിങ് ബൂത്തുകളിലെത്തിയിരിക്കുന്നു. ഡെമോക്രാറ്റിക് നോമിനി കമലാ ഹാരിസും റിപ്പബ്ലിക്കൻ ചലഞ്ചർ ഡൊണാൾഡ് ട്രംപും നേർക്കുനേർ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പിനാണ് അമേരിക്കയിൽ നാന്ദി കുറിച്ചിരിക്കുന്നത്. യുഎസ്-കാനഡ അതിർത്തിയിലുള്ള ന്യൂ ഹാംഷെയർ ടൗൺഷിപ്പിലാണ് അർധരാത്രിക്ക് ശേഷമുള്ള ആദ്യ മിനിറ്റുകളിൽ (യുഎസ് സമയം) ബാലറ്റുകൾ രേഖപ്പെടുത്തി തുടങ്ങിയത്. പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ട്രംപും കമലയും നടത്തിയ പ്രതികരണങ്ങൾ ഈ തെരഞ്ഞെടുപ്പിൻ്റെ പോരാട്ട വീര്യവും ശൌര്യവും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു.
ALSO READ: സ്ത്രീയല്ലെന്നു മെഡിക്കൽ റിപ്പോർട്ട്; വീണ്ടും വിവാദത്തിലായി ഒളിമ്പിക് മെഡൽ ജേതാവ് ഇമാനെ ഖലീഫ്
അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന മുൻ പ്രസിഡൻ്റ് ട്രംപ് നോർത്ത് കരോലിന, പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ റാലികളിൽ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു. തൻ്റെ യഥാർത്ഥ എതിരാളി കമലാ ഹാരിസ് അല്ല, അവർ പ്രതിനിധാനം ചെയ്യുന്ന ഡെമോക്രാറ്റ് വ്യവസ്ഥിതിയാണ് തൻ്റെ എതിരാളി എന്നായിരുന്നു. കമലാ ഹാരിസ് ട്രംപിനെ പേരെടുത്ത് വിമർശിക്കാതെയാണ് തൻ്റെ പ്രചരണത്തിൻ്റെ അവസാന മണിക്കൂറിൽ ജനങ്ങളോട് സംവദിച്ചത്. “ഭയവും ഭിന്നതയും കൊണ്ട് നയിക്കപ്പെടുന്ന ഒരു ദശാബ്ദക്കാലത്തെ രാഷ്ട്രീയത്തിൻ്റെ പേജ് താൻ അധികാരത്തിൽ വരുന്നതോടെ മാറ്റും” എന്നായിരുന്നു പ്രസ്താവന. യുഎസിലെ വോട്ടിങ് ട്രാക്ക് ചെയ്യുന്ന ഫ്ലോറിഡ സർവകലാശാലയുടെ ഇലക്ഷൻ ലാബിൻ്റെ കണക്ക് അനുസരിച്ച് രാജ്യത്തെ 78 ദശലക്ഷത്തിലധികം വോട്ടർമാർ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ സർവേകൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. സ്വിങ് സംസ്ഥാനങ്ങളിലെ വിധി ആശ്രയിച്ചായിരിക്കും ഇലക്ഷനിലെ വിജയിയെ നിർണയിക്കാനാകൂ എന്നാണ് പൊതുവിലുള്ള വിലയിരുത്തലുകൾ. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, അരിസോണ, ജോർജിയ, നെവാഡ, നോർത്ത് കരോലിന എന്നിവയാണ് പ്രധാനപ്പെട്ട സ്വിങ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കുക എന്നതാണ് അടുത്ത പ്രസിഡൻ്റിനെ നിർണയിക്കുന്ന 270 ഇലക്ടറൽ വോട്ടുകൾ ലഭ്യമാകാൻ സ്ഥാനാർഥിക്ക് വേണ്ടതെന്ന് നിരീക്ഷകർ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here