ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം. കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരായ സമരം പുനരാരംഭിച്ചത്. ഒരു മാസം പിന്നിട്ടിട്ടും ദില്ലി പൊലീസ് പരാതിയിൻമേൽ ഇതുവരെയും ബ്രിജ് ഭൂഷനെതിരെ പേരിനുപോലും നടപടി സ്വീകരിച്ചിട്ടില്ല. ദില്ലി പൊലീസിന്റെ ഈ നിഷ്ക്രിയത്വത്തിനെതിരെ ഗുസ്തി താരങ്ങൾ ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസമായ മേയ് 28ന് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണക്കുന്ന വനിതകൾ പാർലമെന്റ് മന്ദിരം വളയുമെന്നും ഖാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, നുണപരിശോധനക്ക് തയാറാകണമെന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഗുസ്തി താരങ്ങൾ. തിങ്കളാഴ്ച വാർത്തസമ്മേളനം വിളിച്ച് വെല്ലുവിളി ഏറ്റെടുത്ത ഗുസ്തി താരങ്ങൾ, നുണ പരിശോധന സുപ്രീംകോടതി മേൽനോട്ടത്തിൽ ആയിരിക്കണമെന്നും തത്സമയം സംപ്രേഷണം നടത്തണമെന്നും വ്യക്തമാക്കി. അദ്ദേഹത്തോട് എന്ത് ചോദ്യമാണ് ചോദിക്കുന്നതെന്ന് അറിയണമല്ലോ എന്നായിരുന്നു ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളുടെ ആവശ്യം.
നുണ പരിശോധനക്ക് തങ്ങൾ മാത്രമല്ല, പരാതിക്കാർ മുഴുവനും തയ്യാറാണെന്നും ഒളിമ്പിക് ഗുസ്തിതാരം ബജ്റങ് പുനിയ പറഞ്ഞു. ‘‘നിരപരാധിത്വം തെളിയിക്കാൻ ഞാൻ നാർകോ പരിശോധനക്കും നുണപരിശോധനക്കും തയ്യാറാണ്. എന്നാൽ, സമരം നടത്തുന്ന വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും എന്നോടൊപ്പം നുണപരിശോധനക്ക് വിധേയരാകണം. ഇവർ പരിശോധനക്ക് തയ്യാറാണെങ്കിൽ അത് മാധ്യമങ്ങളെ വിളിച്ചറിയിക്കുക… എങ്കിൽ ഞാനും പരിശോധനക്ക് തയ്യാറാണ്’’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ സംയുക്ത കിസാൻ മോർച്ചയും ഖാപ് പഞ്ചായത്തുകളും ഉൾപ്പെടുന്ന സമര സമിതി കേന്ദ്രത്തിന് നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here