എംടിയുടെ നാലുകെട്ട് വായിച്ച് 17-ാം വയസ്സിൽ കോരിത്തരിച്ചിട്ടുണ്ട്, അന്നു തൊട്ടാണ് അദ്ദേഹവുമായിട്ടുള്ള എൻ്റെ അടുപ്പം തുടങ്ങുന്നതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. മാതൃഭൂമി ആഴ്ചപതിപ്പില്‍ ആദ്യം പ്രസിദ്ധീകരിച്ചിരുന്ന ‘വീട്’ എന്ന തൻ്റെ കഥ എംടിയാണ് അന്ന് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കും മുന്‍പ് അദ്ദേഹം അതില്‍ ചില മിനുക്കുപണികള്‍ നടത്തിയിരുന്നു.
അങ്ങനെ അദ്ദേഹമാണ് ആ കഥയ്ക്ക് കൂടുതല്‍ ഭംഗി നല്‍കിയത്. അത്തരത്തിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തൻ്റെ പല കഥകളിലും എംടിയുടെ മാജിക് ടച്ച് ഉണ്ടായിരുന്നു. പിന്നീട്, എംടിയുമായി ആത്മ ബന്ധം ഉണ്ടായപ്പോള്‍ ദൂരം മാത്രമായിരുന്നു ഒരു പ്രശ്‌നം.
ആന്തരികമായി തനിയ്‌ക്കൊരു കരുത്ത് നല്‍കിയ എഴുത്തുകാരനാണ് എംടിയെന്നും ജനങ്ങളില്‍ നിന്നും അകന്നു നിന്നിട്ടും ജനങ്ങളേറ്റവും വായിച്ചത് എംടിയെ ആയിരുന്നു എന്നത് ഒരല്‍ഭുതമാണെന്നും എം. മുകുന്ദൻ പറഞ്ഞു. വായനക്കാര്‍ക്ക് എഴുത്തുകാരനെക്കുറിച്ചുള്ള സങ്കല്‍പത്തിന് തന്നെ ഒരു വഴികാട്ടിയായിരുന്നു എംടി.
എംടി മൗനിയും ഏകാകിയും അദ്ദേഹത്തിൻ്റെ ചിന്തകളും കാഴ്ചപ്പാടുകളും വ്യക്തിനിഷ്ഠവും ആയിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളില്‍ ഒരു ശക്തമായ സാമൂഹ്യ ബോധ്യം ഉണ്ടായിരുന്നു. നിര്‍മാല്യം എന്ന സിനിമ തന്നെ അതിന് ഒരുദാഹരണമാണ്. കാലം എത്ര കടന്നാലും ചിലര്‍ എക്കാലത്തും ഒരു മാതൃകയായിരിക്കും എംടി അത്തരത്തിലുള്ള ഒരാളാണ്- എം. മുകുന്ദൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here