സൈബർ തട്ടിപ്പിനായി മുംബൈയിൽ നിന്നും വിളിച്ച സംഘത്തിന് യുവാവ് നൽകിയത് എട്ടിനെട്ട് പതിനാറിൻ്റെ പണി, ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് കേരള പൊലീസ്- വീഡിയോ

സൈബർ തട്ടിപ്പിനായി യുവാവിനെ മുംബൈയിൽ നിന്നും വിളിച്ച സംഘത്തെ കുരങ്ങ് കളിപ്പിച്ച് യുവാവിൻ്റെ മറുപണി. ഇംഗ്ലീഷും മലയാളവും കലർത്തിയാണ് തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് തട്ടിപ്പ് സംഘത്തെ ഒന്നര മണിക്കൂറോളം വട്ട് കളിപ്പിച്ചത്. സംഭാഷണത്തിനിടയിൽ അശ്വഘോഷ് ഐ ആം ദി ഗൂഗിൾസ് അസിസ്റ്റൻ്റ് സിഇഒ എന്നും പിന്നീട് കേരളത്തിലെ പിള്ളേരോട് കളിക്കല്ലേയെന്നുള്ള ഉപദേശവും പിന്നീട് യുവാവ് നൽകി. അശ്വഘോഷിനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് ധരിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പ് സംഘം ആദ്യം ബന്ധപ്പെട്ടത്. പൊലീസ് ഇൻസ്പെക്ടർ എന്ന് പരിചയപ്പെടുത്തി തട്ടിപ്പ് സംഘത്തിലെ ഒരാൾ യുവാവിനോട് സംസാരിച്ചിരുന്നു. ഈ ആളെയാണ് യുവാവ് പരിഹാസ രൂപേണ കളിയാക്കി കൊണ്ട് സംഭാഷണത്തിലുട നീളം കുരങ്ങു കളിപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട കേരളാ പൊലീസ് ‘ഇപ്പോഴത്തെ പിള്ളേര് കൊള്ളാം’ എന്ന തലക്കെട്ടോടെ കേരള പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കിട്ടിട്ടുണ്ട്. തട്ടിപ്പുകാരെ ഇത്തരത്തിൽ നേരിടുന്നവർ ഇനിയുമുണ്ടെങ്കിൽ അതിൻ്റെ വീഡിയോ ഇൻബോക്സിൽ പങ്കുവെക്കാനും മികച്ച രീതിയിൽ തട്ടിപ്പുകാരെ നേരിടുന്നവരുടെ വീഡിയോ കേരള പൊലീസിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ALSO READ: കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ

കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം

ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ പേരിൽ വന്ന ഒരു സൈബർ തട്ടിപ്പ് കോൾ തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാർഥി പൊളിച്ചടുക്കിയതാണ് ഇന്ന് സൈബർ ലോകത്തുനിന്നുള്ള വാർത്ത. മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അദ്ദേഹം കുരങ്ങുകളിപ്പിച്ചത് ഒന്നര മണിക്കൂറിലേറെയാണ്. വളരെ ആസൂത്രിതമായി തട്ടിപ്പുകാർ നടത്തിയ ഓൺലൈൻ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ എങ്ങനെയും കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പോലീസ് അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസി എന്ന വ്യാജേന ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം. നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്നുമിരിക്കും. ഡിജിറ്റൽ അറസ്റ്റ് എന്നൊരു സംഭവമേ ഇന്ത്യയിൽ ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. ഇത്തരം കോളുകൾ വന്നാൽ അശ്വഘോഷ് നേരിട്ടതുപോലെ ആർജ്ജവത്തോടെതന്നെ അവരെ നേരിടാനാണ് നിങ്ങളും ശ്രമിക്കേണ്ടത്.

നിങ്ങൾക്ക് ഇത്തരം ഫോൺകോളുകൾ വന്നാൽ തട്ടിപ്പുകാരോട് നിങ്ങൾ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയാൻ ഞങ്ങൾക്ക് കൗതുകമുണ്ട്. ഓൺലൈൻ തട്ടിപ്പുകാർ നിങ്ങളെ വിളിച്ചാൽ നിങ്ങൾ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നതെന്ന് അശ്വഘോഷിനെപ്പോലെ നിങ്ങളും വീഡിയോയിൽ പകർത്തൂ. എന്നിട്ട് കേരള പോലീസിൻ്റെ ഇൻബോക്സിൽ അയച്ചുതരൂ. ഏറ്റവും മികച്ച രീതിയിൽ തട്ടിപ്പുകാരെ നേരിടുന്ന സുഹൃത്തുക്കളുടെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്.

വരൂ, നമുക്ക് തട്ടിപ്പുകാരെ ഒരുമിച്ച് നേരിടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News