ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് കേസിലെ തുമ്പായി. സഹോദരനെ തട്ടിക്കൊണ്ടു പോയി സ്വന്തം കുടുംബത്തിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അയച്ച കത്തിലെ അക്ഷരത്തെറ്റാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ജനുവരി 5 നാണ് 27 കാരനായ സഞ്ജയ്കുമാർ തൻ്റെ മൂത്ത സഹോദരനെ ഒരു വ്യാജ തട്ടിപ്പ് സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചത്. സംഭവമിങ്ങനെ, പണത്തിന് അൽപ്പം ആവശ്യം വന്നതോടെ യുവാവ് ഒരു ഉപായം കണ്ടെത്തി.
സ്വന്തം സഹോദരനെ തട്ടിക്കൊണ്ടുപോയി ഒരു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തുക. ശേഷം മോചനദ്രവ്യമായി 50,000 രൂപ ആവശ്യപ്പെട്ട് കുടുംബത്തിന് ഒരു ഭീഷണി സന്ദേശം നൽകുക. തുക കിട്ടുന്നതോടെ തട്ടിക്കൊണ്ടുപോകൽ സംഘത്തോട് പറഞ്ഞ് സഹോദരനെ മോചിപ്പിക്കുക. പ്ലാനെല്ലാം റെഡിയായി. സഹോദരനെ തട്ടിക്കൊണ്ട് പോകുകയും ചെയ്തു.
തുടർന്ന് പൊലീസിനോട് സഹോദരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് സഞ്ജയ്കുമാർ പരാതിയും നൽകി. ഇവിടെ നിന്നാണ് കഥയിലെ ട്വിസ്റ്റ് സംഭവിക്കുന്നത്. സഹോദരനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നും അവർ തനിക്ക് ഭീഷണി സന്ദേശം അയച്ചെന്നും യുവാവ് പൊലീസിനെ ധരിപ്പിച്ചു. തുക നല്‍കിയില്ലെങ്കില്‍ സഹോദരനെ കൊന്നുകളയുമെന്നാണ് സന്ദേശത്തിലുള്ളത്. സഹോദരനെ കെട്ടിയിട്ട ചില വീഡിയോകളും തനിക്ക് ലഭിച്ചെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എസ്‌പി നീരജ്കുമാർ ജാദൗണാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്.
ഇതിന്‍റെ ഭാഗമായി അദ്ദേഹം സഞ്ജയ് കുമാറിന് ഇംഗ്ലീഷ് ഭാഷയില്‍ ലഭിച്ച ഭീഷണി സന്ദേശം പരിശോധിച്ചു. അപ്പോഴാണ് ‘DEATH’ എന്ന വാക്കിന്‍റെ സ്‌പെല്ലിങ് തെറ്റിച്ച് “DETH” എന്നാണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള വ്യക്തിക്ക് വലിയ വിദ്യാഭ്യാസം ഇല്ലെന്ന സൂചന പൊലീസിന് ലഭിച്ചു. തുടർന്ന് സഞ്ജയ് കുമാറിനെ ചോദ്യം ചെയ്‌തപ്പോള്‍ സഹോദരന് വലിയ ശത്രുക്കളില്ലെന്ന് പൊലീസ് മനസിലാക്കി. മോചനദ്രവ്യം അത്ര വലുതല്ലെന്ന കാര്യവും പൊലീസിനെ കാര്യമായി ചിന്തിപ്പിച്ചു. തുടർന്ന് സഹോദരനോട് തട്ടിക്കൊണ്ട്പോകൽ സംഘത്തിൽ നിന്നും ലഭിച്ച ഭീഷണി സന്ദേശം എഴുതാൻ ആവശ്യപ്പെട്ടു.
ഇത്തവണയും പ്രതി ‘DEATH’ എന്ന വാക്ക് “DETH” എന്ന് എന്ന് തന്നെയാണ് എഴുതിയതെന്ന് എസ്‌പി നീരജ് കുമാർ ജാദൗണ്‍ പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും ‘സിഐഡി’ എന്ന ജനപ്രിയ ക്രൈം സീരിയൽ കണ്ടതിനു ശേഷമാണ് സഹോദരനിൽ നിന്ന് പണം തട്ടാനുള്ള ഈ ഐഡിയ തനിക്ക് ലഭിച്ചതെന്ന് പറഞ്ഞതായും എസ്‌പി കൂട്ടിച്ചേര്‍ത്തു.
മിർസാപൂരിലെ ഒരു ചൂരൽ കടയിലെ ജോലിക്കാരനായിരുന്നു സഞ്ജയ്. അടുത്തിടെ സഹാബാദിൽ വെച്ച് ഇയാളുടെ ബൈക്ക് ഇടിച്ച് ഒരു വൃദ്ധന്‍റെ കാല്‍ ഒടിഞ്ഞിരുന്നു. വൃദ്ധന്‍ ആവശ്യപ്പെട്ട നഷ്‌ടപരിഹാരത്തുക തന്‍റെ പക്കല്‍ ഇല്ലാതിരുന്നതിനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ പറഞ്ഞെന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here