തീരദേശത്തെ ഭവന നിര്‍മ്മാണം; പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍

തീരദേശത്തെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മത്സ്യ ബന്ധനമേഖല കൂടുതല്‍ ആധുനികവത്ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ തീര സദസ്സില്‍ മന്ത്രി പങ്കെടുത്തു. എലത്തൂര്‍ മണ്ഡലം തീര സദസ്സ് ഇന്ന് നടക്കും.

തീരദേശ വാസികളുടെ പ്രശ്‌നങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്തും കോഴിക്കോടിന്റെ തീരത്തെ കേട്ടറിഞ്ഞും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നോര്‍ത്ത്, സൗത്ത് മണ്ഡലം തീരസദസ്സ്. തീരദേശ മേഖലയിലെ പട്ടയം സംബന്ധിച്ചുള്ള പരാതികള്‍, ഹെല്‍ത്ത് സെന്ററിന്റെ അഭാവം, സി ആര്‍ സെഡ് നിയന്ത്രണം മൂലം മത്സ്യ തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനുള്ള ബുദ്ധിമുട്ടുകള്‍, തീരദേശ റോഡുകള്‍, ഡ്രെയിനേജ് വിഷയങ്ങള്‍,വെള്ളയില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, തീരദേശ മേഖലയിലെ വര്‍ധിച്ച ലഹരി ഉപയോഗം തുടങ്ങി നിരവധി വിഷയങ്ങള്‍ മന്ത്രിക്ക് മുന്‍പാകെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും അവതരിപ്പിച്ചു. തീരദേശ നിവാസികള്‍ക്ക് വാസയോഗ്യമായ വീടുറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

നോര്‍ത്ത് മണ്ഡലം തീരസദസ്സില്‍ 183 പരാതികള്‍ പരിഹരിച്ചതായി ഫിഷറീസ് ഡയറക്ടര്‍ ഡോ അദീല അബ്ദുല്ല അറിയിച്ചു. സൗത്ത് മണ്ഡലം തീരസദസ്സില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. തീരദേശത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ സമിതികള്‍ രൂപീകരിച്ച് ക്യാമ്പയിനുകള്‍ നടത്തണമെന്ന് മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. വെള്ളയില്‍ ഹാര്‍ബറില്‍ ലഹരി ഉപയോഗത്തിനെതിരെ സിസിടിവി സ്ഥാപിക്കുവാന്‍ ഫണ്ട് അനുവദിക്കാന്‍ തീരസദസ്സില്‍ തീരുമാനിച്ചു. തീര പ്രദേശത്ത് ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കും. തീരദേശ കുടുംബങ്ങള്‍ക്ക് അനുവദിച്ച പട്ടയം അടുത്ത പട്ടയമേളയില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News