കൊങ്കൺ മേഖലയിലെ തീവണ്ടികളില്‍ സ്ഥിരമായി നടക്കുന്ന കവര്‍ച്ചയിൽ പൊറുതി മുട്ടിയിരിക്കയാണ് യാത്രക്കാർ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പരക്കെ പരാതി.
കൊങ്കൺ റെയിൽവേയിലെ മോഷണ പരമ്പരകൾ ഈ മേഖലയിലെ യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കയാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസ്സിൽ തൃശൂരിൽ നിന്ന് കയറിയ ശങ്കർ മേനോനും ഇന്ദുലേഖക്കുമാണ് ബാഗ് അടക്കം വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ടത്. ടി ടി ആറിന് പരാതി നൽകിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ശങ്കർ മേനോൻ പറയുന്നത്.
കാലങ്ങളായി കൊങ്കൺ റൂട്ടിൽ നടക്കുന്ന കവർച്ചകൾ തുടർക്കഥയാകുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും പരാതിപ്പെടുന്നത്.
മംഗള എക്സ്പ്രസിൽ തൃശൂരിൽ നിന്ന് കയറിയ ദമ്പതികൾക്ക് രത്‌നഗിരിയിൽ വച്ചാണ് രാവിലെ ഏഴു മണിക്ക് ശേഷം പണവും സ്വർണവും മൊബൈൽ ഫോണും, എ ടി എം കാർഡും അടക്കം വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ടത്.
അതേ സമയം റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് സാമൂഹിക പ്രവർത്തകനും മുംബൈ യാത്രസമിതി പ്രതിനിധിയുമായ ശശികുമാർ പറയുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയിൽവേ അധികൃതരുടെ ഉത്തരവാദിത്തമാണെന്നും ശശികുമാർ പറഞ്ഞു. ട്രെയിനിൽ വെച്ച് നടന്ന മോഷണത്തിന്റെ പരാതി സ്വീകരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ വിസമ്മതിച്ച റെയിൽവേ ജീവനക്കാനെതിരെ നടപടിയെടുക്കണമെന്നും ശശികുമാർ ആവശ്യപ്പെട്ടു.
കൊങ്കൺ പാതയിലെ മോഷണം തുടർക്കഥയാകുമ്പോൾ കുടുംബ സമേതം യാത്ര ചെയ്യുന്നവരാണ് സുരക്ഷയെ ചൊല്ലി വേവലാതിപ്പെടുന്നത്.
also read; കൊച്ചിയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here