ആൾദൈവത്തിന്റെ പ്രഭാഷണത്തിനിടെ മോഷണം: 36 പേരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

സ്വയം പ്രഖ്യാപിത ആൾദൈവം ധി​രേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ രണ്ടു ദിവസത്തെ സമ്മേളന പരിപാടിക്കിടെ 36 ഓളം അനുയായികൾ മോഷണത്തിനിരയായി. മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി നിരവധിയാളുകള്‍ പൊലീസില്‍ പരാതിപ്പെട്ടു.

വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.

ഞായറാഴ്ച പരിപാടി നടക്കുന്ന സ്ഥലത്തെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ തിക്കും തിരക്കിലും പരുക്കുണ്ടാകാതിരിക്കാനായി പൊലീസിന്റെ ശ്രദ്ധ മാറിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, രണ്ടു വയസുകാരിയായ മകളുടെ ദിവസങ്ങൾ നീണ്ട അസുഖത്തിന് പരിഹാരവുമായാണ് മിര റോഡ് സ്വദേശി സുനിത ഗൗലി പരിപാടിക്കെത്തിയത്. ‘എന്റ കുഞ്ഞിന്റെ പേര് ബാബയുടെ പട്ടികയിൽ ഉൾപ്പെടുത്താനും അങ്ങനെ ബാബയെ കണ്ട് അസുഖം മാറ്റാനുമാണ് ഞാൻ ഇവിടെ എത്തിയത്. എന്നാൽ എനിക്ക് ആകെയുണ്ടായിരുന്ന സ്വർണാഭരണമായ താലിച്ചെയിൻ നഷ്ടമാവുകയാണുണ്ടായത്.’ -സുനിത പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News