സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍, പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കേസന്വേഷണത്തില്‍ പ്രതി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി മുഹമ്മദ് ഇര്‍ഫാന് പ്രാദേശിക സഹായം വല്ലതും ലഭിച്ചിട്ടുണ്ടോ എന്നതടക്കം, പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഈ മാസം ഇരുപതാം തീയതിയാണ് സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള വീട്ടില്‍ മോഷണം നടന്നത്. ഒരു കോടി 20 ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. പ്രതിയായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് കര്‍ണാടക പൊലീസിന്റെ സഹകരണത്തോടെ പിടികൂടുകയായിരുന്നു. ആഭരണങ്ങള്‍ വില്‍ക്കുവാന്‍ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആറ് സംസ്ഥാനങ്ങളിലായി 19 മോഷണ കേസിലെ പ്രതിയാണ് പിടിയിലായ ഇര്‍ഫാന്‍. ബിഹാറിലെ പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇയാള്‍ മോഷണത്തിനായി കൊച്ചിയില്‍ എത്തിയത്. മോഷണത്തിനിടെ വാഹനത്തില്‍ ഇന്ധനം നിറച്ച പെട്രോള്‍ പമ്പിലും, ഭക്ഷണം കഴിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തിയ ശേഷമാണ് സംവിധായകന്‍ ജോഷിയുടെ വീട്ടിലേക്ക് പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ജോഷിയുടെ വീട്ടില്‍ എത്തുന്നതിന് മുമ്പ് സമീപത്തുള്ള മൂന്ന് വീടുകളിലും ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. പക്ഷേ വിജയിക്കാനായില്ല. തെളിവെടുപ്പിനായി പ്രതിയെയും കൊണ്ട്, പൊലീസ് തങ്ങളുടെ വീട്ടിലെത്തിയപ്പോഴാണ് സ്വന്തം വീട്ടിലും മോഷണ ശ്രമം നടന്നതായി വീട്ടുടമസ്ഥര്‍ തിരിച്ചറിഞ്ഞത്. പരാതി ലഭിച്ച് 15 മണിക്കൂറിനകമാണ് പ്രതി ഇര്‍ഫാന്‍ പൊലീസ് പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here