സിറിയയിൽ ഭീകരർ ഭരണ നേതൃത്വം പിടിച്ചടക്കിയതോടെ രാജ്യത്ത് വ്യാപക ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. പ്രസിഡൻ്റ് ബഷാർ അൽ അസദിൻ്റെ കുടുംബ വാഴ്ച അവസാനിപ്പിച്ചെന്നാണ് പ്രചരണമെങ്കിലും നിലവിൽ ഭരണം പിടിച്ചെടുത്തിട്ടുള്ളത് ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ചിട്ടുള്ള ഹയാത് തഹ്‌രീർ അൽ ഷാം ആണെന്നുള്ളത് ആശങ്കകൾ ശക്തമാക്കുന്നതാണ്.
ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇറാൻ എംബസിയിലും പ്രസിഡൻ്റ് അസദിൻ്റെ കൊട്ടാരത്തിലുമടക്കം അക്രമങ്ങളും കൊള്ളയുമാണ് സംഘം നടത്തുന്നത് എന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ജയിലുകൾ തകർത്ത ഭീകരർ തടവുകാരെയെല്ലാം കൂട്ടത്തോടെ മോചിപ്പിച്ചിരിക്കുകയാണ്. ഭരണ കാര്യാലയങ്ങളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമെല്ലാം സിറിയൻ സൈന്യം പൂർണമായും പിന്മാറി.
ഇതിനിടെ, ഭീകരവാദിയായി മുദ്രകുത്തപ്പെട്ടിട്ടുള്ള എച്ച്ടിഎസ് തലവൻ അബു മൊഹമ്മദ് അൽ-ജൊലാനി സിറിയയുടെ തലപ്പത്ത് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബക്കർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനാണ് ജൊലാനി.
അൽഖായ്‌ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്. അൽഖായ്‌ദയുടെ ഉപസംഘടന എന്ന പോലെയാണ് എച്ച്ടിഎസിൻ്റെ പ്രവർത്തന രീതികളും. സിറിയയിൽ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും 10 ശതമാനം ക്രൈസ്തവരുമാണുള്ളത്. രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് ജൊലാനി പറയുമ്പോഴും അത് ഭംഗിവാക്കാകാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here