ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശന ക്രമത്തിന് ചിങ്ങം 1 മുതല്‍ മാറ്റം വരുന്നു. നിലവിലെ ദർശന ക്രമം വഴി ഭക്തർക്ക് പ്രദക്ഷിണം പൂര്ണമാക്കാൻ സാധ്യമല്ലാത്തതിനാലും,ഭക്തർക്ക് കൂടുതൽ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയുമാണ് പുതിയ ദർശനക്രമം ഏർപ്പെടുത്തിയത്. ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ.തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ബ്രഹ്മശ്രീ.തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദർശന ക്രമം ഏർപ്പെടുത്തുന്നതിന് ക്ഷേത്ര ഭരണ സമിതി തീരുമാനിച്ചത്. കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പൊതുവായ ക്യൂ ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമദേവനെ തൊഴുത് വിഷ്വക്സേന മൂർത്തിയുടെ മുന്നിലൂടെ ഭഗവാന്റെ പാദഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് ശിരസ്സ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശനക്രമം.
തെക്ക് ഭാഗത്ത് കുലശേഖരമണ്ഡപത്തിന് അരികിലൂടെ അകത്തെ കിഴക്കേ നടയില്‍ പ്രവേശിച്ച് നരസിംഹ മൂര്‍ത്തിയെ വണങ്ങി ഭഗവാന്റെ ശിരസ്സ് ഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് പാദഭാഗത്ത് കൂടി തൊഴുതിറങ്ങുന്നതാണ് നിലവിലെ രീതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here