കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് ചെയ്തിട്ടില്ല. ഇടത്പക്ഷ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു ചേലക്കരയിൽ എൽ ഡി എഫ് ന്റെ പ്രചാരണം. ഇത് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റം.
സാമൂഹ്യ മാധ്യമങ്ങളിലൂടെ യു ഡി എഫും ബി ജെ പി യും പ്രചരിപ്പിച്ച എല്ലാ നുണക്കോട്ടകളും തകർന്നടിഞ്ഞിരിക്കുകയാണ്. പ്രചരിപ്പിച്ചതെല്ലാം നുണകളാണെന്ന് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടെയാണ് ഈ മുന്നേറ്റം. മുഖ്യമന്ത്രി മണ്ഡലത്തിൽ നേരിട്ടെത്തിയാണ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയത്.
Also read: ‘ചെങ്കോട്ടയാണ് ഈ ചേലക്കര’; ഇടതുമുന്നേറ്റത്തിൽ പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി
കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here