വിവാഹ ആഘോഷ വേദികളിൽ സിനിമകളിലെ പാട്ടുകൾ അവതരിപ്പിക്കുന്നതിനും റെക്കോർഡിങ് കേൾപ്പിക്കുന്നതിനും നിയമതടസ്സമില്ല. ഇത് വ്യക്തമാക്കി കൊണ്ടുള്ള സർക്കുലർ കേന്ദ്ര സർക്കാർ ഇറക്കി. വർഷങ്ങളായി തർക്കവും നിയമപോരാട്ടവും നടക്കുന്ന വിഷയത്തിലാണു ഇപ്പോൾ കേന്ദ്ര വാണിജ്യ മന്ത്രാലയം സർക്കുലർ ഇറക്കിയത്. ഇതിന്റെ പേരിൽ ആർക്കും റോയൽറ്റി ആവശ്യപ്പെടാൻ കഴിയില്ല എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കോപ്പിറൈറ്റ് സൊസൈറ്റിയായ ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ALSO READ: മൈക്ക് പ്രശ്‌നത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി
പകർപ്പവകാശമുള്ള ഗാനങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിന് ഇന്ത്യൻ പകർപ്പവകാശനിയമ പ്രകാരം നിയന്ത്രണമുണ്ട്. എന്നാൽ, മതപരമായ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും മുൻകൂർ അനുമതിയോ റോയൽറ്റിയോ വേണ്ടെന്ന് നിയമത്തിൽ തന്നെ സെക്‌ഷൻ 52 (1) –സെഡ് എയിൽ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകളിൽ വിവാഹവും ബന്ധപ്പെട്ട ചടങ്ങുകളും ഉൾപ്പെടുമെന്നതിനാൽ പകർപ്പവകാശം ബാധകമല്ലെന്നു കേന്ദ്രംപറഞ്ഞു .
വിവാഹച്ചടങ്ങിൽ പാട്ടു കേൾപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പകർപ്പവകാശം ബാധകമല്ലെങ്കിലും വിവാഹ വിഡിയോകളിൽ ഇവ ഉപയോഗിക്കുന്നതിനു നിയമം ബാധകമാകാം.’ എന്നായിരുന്നു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഡോ. അരുൾ ജോർജ് സക്കറിയ വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here