-സാൻ
‘ബ്രഹ്‌മാവിൻ്റെ മുഖത്ത് നിന്ന് ബ്രാഹ്മണൻ ജനിച്ചു,
കയ്യിൽ നിന്ന് ക്ഷത്രീയൻ ജനിച്ചു
തുടയിൽ നിന്ന് വൈശ്യൻ ജനിച്ചു
കാൽ പാദത്തിൽ നിന്ന് ശൂദ്രൻ ജനിച്ചു
ബാക്കിയുള്ള മനുഷ്യരെല്ലാം അവനവൻ്റെ തന്തക്ക് പിറന്നു’
-പെരിയാർ ഇ വി രാമസ്വാമി
രാഷ്ട്രീയം പറയാൻ മുഖം നോക്കാത്ത പെരിയാർ, ജാതിയുടെ മൂർച്ചയുള്ള ആയുധങ്ങൾക്ക് മുൻപിൽ അതേ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് പൊരുതാൻ ഉറച്ച തമിഴകത്തിൻ്റെ തന്തൈ പെരിയോർക്ക് ഇന്ന് 144 ആം ജന്മവാർഷികം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി ജാതീയതയ്ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയ വ്യക്തിയാണ്. ദ്രാവിഡ നാടിനെ രാഷ്ട്രീയമായും സാംസ്കാരികമായും മുന്നേറ്റത്തിലേക്ക് നയിക്കാൻ കാരണമായതും പെരിയാറിന്റെ ഈ പോരാട്ടങ്ങളാണ്.
ALSO READ: ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല, സർക്കാർ ഉദ്യോഗസ്ഥനല്ല: തെറ്റായ വാർത്തകൾ തിരുത്തി വിനായകൻ രംഗത്ത്
മതാന്ധത നിറഞ്ഞ സമൂഹത്തോടും, ജാതി വെറി പൂണ്ട വ്യവസ്ഥിതികളോടും പെരിയാർ സന്ധി ചെയ്തില്ലെന്ന് മാത്രമല്ല ശക്തമായിത്തന്നെ ദൈവത്തിന്റെ പേരിൽ നടക്കുന്ന അനീതികളെ അദ്ദേഹം തുറന്നു കാട്ടുകയും ചെയ്തു. ‘നമ്മെ ശൂദ്രരായും അധഃസ്ഥിതരായും കാണുകയും മറ്റുചിലരെ ഉന്നതകുലജാതരായ ബ്രാഹ്‌മണരായി പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയുണ്ടെങ്കില്‍, ആ വ്യവസ്ഥിതിക്ക് ഉത്തരവാദികളായ ദൈവങ്ങളെ വേരോടെ പിഴുതു കളയുക തന്നെ വേണമെന്നാണ് ഇ വി രാമസ്വാമി പറഞ്ഞത്. സംഘപരിവാറിന്റെ കെട്ട കാലത്ത് അതുകൊണ്ട് തന്നെയാണ് പെരിയാർ ആശയങ്ങൾ ഒരു വലിയ പ്രതിരോധവും പ്രതിഷേധവുമാകുന്നത്.
1879 സെപ്തംബര്‍ 17 നാണ് ഈറോഡ് വെങ്കടപ്പ രാമസ്വാമിയെന്ന പെരിയാറിന്റെ ജനനം. മതവിശ്വാസിയായാണ് അദ്ദേഹം വളര്‍ന്നത്. യുവാവായിരിക്കെ 1904 ല്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകള്‍ ഉള്ളില്‍ പോറലുകളേല്‍പിച്ചു. ക്ഷേത്രത്തിലെ സൗജന്യ ഊട്ടുപുരകളില്‍ പ്രവേശനം ലഭിക്കാതിരുന്ന അബ്രാഹ്‌മണര്‍ വിശപ്പടക്കാനായി ഉച്ഛിഷ്ടങ്ങള്‍ കഴിക്കുന്ന കാഴ്ച പെരിയാറിന്റെയുള്ളില്‍ വലിയൊരു തിരിച്ചറിവുണ്ടാക്കി. യാത്ര കഴിഞ്ഞെത്തിയ അദ്ദേഹം തീർത്തും മുൻപത്തേതിൽ നിന്ന് വ്യത്യസ്തനായ മനുഷ്യനാവുകയും അതിന്റെ ഫലമായി മതമുപേക്ഷിച്ച് നായ്ക്കര്‍ എന്ന ജാതിവാല്‍ മുറിച്ചുമാറ്റുകയും ചെയ്തു.
പട്ടിക്കും കോഴിക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യർക്കും നടക്കണം എന്നാണ് നാം ആവശ്യപ്പെടുന്നതെന്ന പെരിയോറുടെ വാക്കുകൾ വൈക്കം സത്യാഗ്രത്തിനിടയിൽ സമരഭടന്മാർക്ക് ആവേശമായത് കേരളം ഇപ്പോഴും ഓർമ്മിച്ചുകൊണ്ടേയിരിക്കുന്നു. ‘‘നമ്മുടെ സാമീപ്യംകൊണ്ട് അശുദ്ധരാകുന്ന ദൈവങ്ങളെ നമുക്കാവശ്യമില്ല’’ പെരിയോറുടെ വാക്കുകൾ അന്ന് രാജാവിന്റെ മുഖത്ത് തറച്ചു. പെരിയാറിന് വേണ്ടി കേരളത്തിലുയർന്ന സ്മാരകത്തിന് ഇപ്പോഴും ആ വാക്കുകളുടെ അടങ്ങാത്ത പ്രധിഷേധത്തിന്റെ ചൂടും ചൂരുമുണ്ട്.
കോൺഗ്രസ് പ്രവർത്തകനായിരുന്ന പെരിയോർ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ അസ്വസ്ഥനായതോടെയാണ് തമിഴ്‌നാട്ടിലെത്തി കോൺഗ്രസിനുള്ളിൽ കലാപത്തിന് തിരികൊളുത്തിയത്. സാമുദായിക സംവരണത്തിന് അനുകൂലമായി അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടതോടെ കോൺഗ്രസ് സമ്മേളനം ബഹിഷ്‌കരിച്ച് അദ്ദേഹം ദ്രാവിഡ പ്രസ്ഥാനത്തിന് രൂപം നൽകി. ജാതീയതയ്ക്ക് അതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം, സ്ത്രീകള്‍ക്ക് തുല്യാവകാശം, ശൈശവ വിവാഹ നിരോധനം, മിശ്രവിവാഹങ്ങള്‍ക്ക് പ്രോത്സാഹനം എന്നിങ്ങനെ അക്കാലത്ത് ആര്‍ക്കും ചിന്തിക്കാനാവാത്ത മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചു.
ALSO READ: സംസ്ഥാനത്ത് മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
1944 ലാണ് പെരിയാര്‍ ദ്രാവിഡ കഴകം ആരംഭിക്കുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പിന്നീട് ദ്രാവിഡ കഴകം തിരുത്തിയെഴുതി. അയ്യരുടെയും അയ്യങ്കാര്‍മാരുടെയും മുതലിയാര്‍മാരുടെയും കൗണ്ടര്‍മാരുടെയും തോട്ടങ്ങളില്‍ അടിമപ്പണിയെടുത്ത് കഴിഞ്ഞിരുന്ന കീഴാള ജനതയെ സ്വന്തം കാലിൽ നിവർന്നു നില്ക്കാൻ പെരിയാർ പഠിപ്പിച്ചു. സ്വന്തം സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനത ഉയർന്നുവരാൻ അത് കാരണമായി.
1973 ഡിസംബര്‍ 24ന്, തന്റെ 94ാം വയസ്സില്‍ മരിക്കുന്നതുവരെ പോരാട്ടങ്ങളുടെ നിലയ്ക്കാത്ത വാക്കുകളും നിലപാടുകളും പെരിയാറിൽ നിന്ന് തമിഴ് ജനതയുടെ രക്തത്തിലേക്ക് ഇടനിലക്കാരില്ലാതെ ഒഴുകിക്കൊണ്ടേയിരുന്നു. ജാതി വെറി പൂണ്ട ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയും ഇരുണ്ട രാത്രികൾ മായാത്തിടത്തോളം പെരിയാറിന്റെ ശബ്ദവും ആശയങ്ങളും പ്രസകതമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here