സ്മാർട്ട് ഫോൺ വാങ്ങാൻ പോകുകയാണോ? ; എങ്കിൽ ഈ എട്ട് കാര്യങ്ങൾ മനസിൽ വെച്ചോളൂ

ചൈന കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉള്ള രാജ്യം ആണ് നമ്മുടെ ഇന്ത്യ. അതുകൊണ്ടു തന്നെ ഇന്ന് ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണി കടുത്ത മത്സരാത്മകമായി മാറിയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ പുതിയ ഫോൺ എടുക്കാൻ തീരുമാനിക്കുന്നവർക്ക് ഏത് ഫോൺ വാങ്ങണം എന്നത് എപ്പോഴും ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇനി പറയുന്ന ഈ എട്ടുകാര്യങ്ങൾ മനസ്സിൽ വെച്ചാൽ, ഏത് ഫോൺ എടുക്കണം എന്ന നിങ്ങളുടെ ആശയക്കുഴപ്പത്തിന് ഒരു പരിഹാരമുണ്ടാകും. പിന്നീട് ഖേദിക്കേണ്ടി വരില്ല.

1. പ്രൊസ്സസർ, പെർഫോമൻസ്

ഫോണിന്റെ പ്രവർത്തന വേഗതയും, ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള കാര്യക്ഷമതയും ആണ് പ്രൊസ്സസർ നിർണയിക്കുന്നത്. നിങ്ങൾ മൊബൈൽ ഗെയിമും, കൂടുതൽ ഫീച്ചേഴ്സ് ഉള്ള ഹെവി ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായും ഉയർന്ന നിലവാരമുള്ള പ്രൊസസർ ഉള്ള ഫോൺ തിരഞ്ഞെടുക്കുക.

2. റാം, സ്റ്റോറേജ്

ഇന്ന് ഒരു സ്മാർട്ട് ഫോൺ വാങ്ങുകയായണെങ്കിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് ഫോണിന്റെ റാമും, സ്റ്റോറേജും ( സംഭരണ ശേഷി). ഇന്നത്തെ കാലത്ത് കുറഞ്ഞത് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു ഫോൺ എങ്കിലും നിങ്ങൾ വാങ്ങാൻ ശ്രമിക്കുക. കാരണം ഡാറ്റ സംഭരണ ശേഷി കുറയുന്നതിന് അനുസരിച്ച് അത് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കും. നിങ്ങൾ ഒരുപാട് ആപ്ലിക്കേഷനുകളും, മറ്റ് ഫയലുകളും കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായും കൂടുതൽ സ്റ്റോറേജും, റാമും ഉള്ള ഫോൺ തിരഞ്ഞെടുക്കുക.

3 . ക്യാമറയുടെ ഗുണനിലവാരം

സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു ഘടകമാണ് ഗുണനിലവാരമുള്ള ക്യാമറയുള്ള ഫോണുകൾ. പകർത്തുന്ന ചിത്രങ്ങൾ വേഗത്തിൽ ഷെയർ ചെയ്യാൻ കഴിയുമെന്നുള്ളത് കൊണ്ട്, ഡിജിറ്റൽ ക്യാമറയെക്കാൾ ഇന്ന് പലരും തിരഞ്ഞെടുക്കുന്നത് മൊബൈൽ ക്യമറകളെ ആണ്. നിങ്ങൾ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർ ആണെങ്കിൽ, ക്യാമറയുടെ ഗുണനിലവാരം, ലെൻസ്, മെഗാപിക്സൽ എന്നിവ ശ്രദ്ധിക്കുക. വൈഡ് ആംഗിൾ, മാക്രോ, ടെലിഫോട്ടോ തുടങ്ങി ഒന്നിലധികം ക്യാമറ സജ്ജീകരണങ്ങൾ ഉള്ള ഫോൺ തിരഞ്ഞെടുക്കാൻ ശ്രമിക്കുക

4 . ബാറ്ററി ലൈഫ്

ഒരു ഫോൺ വാങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ഫോണിന്റെ ബാറ്ററി ലൈഫ്. മാത്രമല്ല ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോൺ ആണോ എന്നും ശ്രദ്ധിക്കുക. ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ കുറഞ്ഞത് 4000 mAh ബാറ്ററി ശേഷി ഉള്ള മൊബൈൽ ഫോൺ തിരഞ്ഞെടുക്കുക .

5 . ഡിസ്‌പ്ലേയുടെ നിലവാരം

നിങ്ങൾ മികച്ച ദൃശ്യഭംഗി ആഗ്രഹിക്കുന്നവർ ആണെങ്കിൽ, ഉറപ്പായും ഫോണിന്റെ ഡിസ്പ്ലേ റെസലൂഷൻ (ഫുൾ എച്ച്ഡി, 4കെ), സ്ക്രീൻ വലിപ്പം, തരം (അമോലെഡ്, ഒഎൽഇഡി) എന്നിവ വളരെ പ്രധാനമാണ്.

6 . നിർമ്മാണത്തിലുള്ള ഗുണനിലവാരം, ഡിസൈൻ

ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ, ഫോണിൻ്റെ ഡിസൈൻ, മെറ്റീരിയൽ (ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക്), അതിൻ്റെ ഫീൽ എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതുകൂടാതെ, ഫോൺ വാട്ടർപ്രൂഫിംഗ് (ഐപി റേറ്റിംഗ്) ആണോ എന്ന് ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.

7 . 5G & കണക്റ്റിവിറ്റി

ഇന്ന് 4G മാറി 5G യുഗത്തിലാണ് നമ്മൾ. ഈ സാഹചര്യത്തിൽ, എപ്പോഴും 5G പിന്തുണയുള്ള ഫോണുകൾക്ക് നിങ്ങൾ മുൻഗണന നൽകുക. ഒപ്പം ബ്ലൂടൂത്ത് 5.0, NFC, Wi-Fi 6 എന്നിവ പോലുള്ള മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഓർമ്മയിൽ വെയ്ക്കുക.

8 . സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും, സുരക്ഷയും

ഫോൺ കമ്പനി എത്ര വേഗത്തിലും, ഒപ്പം എത്ര തവണ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകുന്നുവെന്നും പരിശോധിക്കുക. കൂടാതെ, സുരക്ഷാ പാച്ചുകളും പരിശോധിക്കുക.

ഈ അടിസ്ഥാന കാര്യങ്ങൾ ഓർമയിൽ വെക്കുകയാണെങ്കിൽ ഒരു ഫോൺ എടുക്കുന്നതിൽ നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News