‘പൈസ കിട്ടിയില്ല, പകരം കുറച്ച് മുന്തിരി തിന്നാം…’; മലപ്പുറത്ത് മോഷണത്തിന് കയറി പണം ലഭിക്കാത്ത കള്ളൻ ആശ്വാസം കണ്ടെത്തിയത് മുന്തിരി തിന്ന്

കേരളമൊട്ടാകെ ഞെട്ടിക്കുന്ന മോഷണവാർത്തകളാണ് ഈയിടെയായി ദിവസംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുറുവ ഭീഷണിയിൽ കേരളമൊട്ടാകെ ഭയന്നാണ് ഓരോ രാത്രികളും തള്ളിനീക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കുറുവ സംഘത്തിലെ പ്രധാനികളിലൊരുവനെ പോലീസ് പിടികൂടിയതും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇപ്പോൾ മലപ്പുറത്തെ ഒരു മോഷണം കൗതുകക്കാഴചയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

മോഷണശ്രമത്തിൽ പണം ലഭിക്കാത്തതിൽ നിരാശനായ കള്ളൻ കടയിലെ മുന്തിരി തിന്നാണ് ആശ്വാസം കണ്ടെത്തിയത്. കഴിഞ്ഞദിവസം മലപ്പുറം വണ്ടൂർ അങ്ങാടിയിൽ നടന്ന മോഷണമാണ് അവസാനം തീറ്റയിൽ കലാശിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൗതുകക്കാഴ്ചയായി. റോഡരികിലുണ്ടായിരുന്ന പഴക്കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളന് മേശയുടെ പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. തന്നാൽ കഴിയുന്നിടത്തോളം ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ കടയിലുണ്ടായിരുന്ന മുന്തിരിയും കഴിച്ച് മടങ്ങുകയായിരുന്നു.

മലപ്പുറം കാളികാവ് റോഡിലെ ആത്താസ് ബേക്കറിക്കു മുൻപിലെ പഴക്കടയിലാണ് സംഭവം. മോഷ്ടിക്കാൻ കയറിയ കള്ളൻ ഒന്നും കിട്ടാതായതോടെ മുന്തിരി കഴിച്ച് മടങ്ങി. ഈയിടെയായി മലപ്പുറം വണ്ടൂർ ഭാഗങ്ങളിൽ മോഷണങ്ങൾ പതിവ് സംഭവമാണ്. നേരത്തേ മഞ്ചേരി റോഡിലെ കെഎകെ സ്റ്റീൽസ് ആൻഡ് സിമന്റ് കടയിലും മറ്റു രണ്ടു കടകളിലും മോഷണം നടന്നിരുന്നു. കെഎകെ സ്റ്റീൽസിൽ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 52,000 രൂപയാണ് കവർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration