യുവാക്കള്‍ താമരകൃഷി തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

താമരകൃഷി സാധ്യതയുള്ള ഒരു ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. വിദേശത്തെ ജോലി മതിയാക്കി എത്തുന്നവര്‍ പോലും താമരകൃഷി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ കൈ പൊള്ളുന്ന ഒന്നായി താമരകൃഷി മാറിയേക്കാം. കേരളത്തിലെ പ്രത്യേക കാലവസ്ഥയില്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് പഠിച്ചതിന് ശേഷം വേണം താമരകൃഷിയില്‍ മുതലിറക്കാന്‍. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ ജലവിതാനങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താമരകൃഷി ചെയ്യാനൊരുങ്ങുന്ന ചെറുപ്പക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. വള്ളുവനാടിന്റെ വടക്കും ഏറനാട്ടിലുമുള്ള തീരമേഖലയിലും വരുമാനം ഉറപ്പാക്കുന്ന താമരപ്പാടങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ മൊത്തമായി താമരകൃഷി വിജയകരമായേക്കണമെന്നില്ല. അതിനാല്‍ പുതിയ സംരഭകര്‍ക്ക് വീട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ താമരകൃഷി പരീക്ഷിച്ച് നോക്കാവുന്നതാണ്.

വീട്ടില്‍ താമരകൃഷിക്ക് ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

താമരവിത്ത് സംഘടിപ്പിക്കുക എന്നുള്ളതാണ് ആദ്യത്തെ പ്രക്രിയ. താമരകൃഷി ചെയ്യുന്നവരില്‍ നിന്ന് ആവശ്യത്തിനുള്ള വിത്തുകള്‍ സംഘടിപ്പിക്കാം. താമരവിത്തുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളുമുണ്ട്.

താമരവിത്തിന്റെ തോടിന് അല്പം കടുപ്പം കൂടുതലായതിനാല്‍ നടുന്നതിന് മുമ്പ് കുറച്ച് മുന്നൊരുക്കം വേണ്ടതുണ്ട്. തോടിന്റെ കട്ടികൊണ്ട് വിത്തില്‍ നിന്ന് മുളപൊട്ടി പുറത്തു വരാന്‍ സമയമെടുക്കും. അതിനാല്‍ പുറന്തോട് ചെറുതായെന്ന് പൊട്ടിച്ചതിന് ശേഷം വേണം ചെറിയ പാത്രത്തില്‍ വെള്ളം നിറച്ച് വിത്തുകള്‍ അതിലിട്ടുവെക്കാന്‍. നാലാം ദിവസം വേരുകള്‍ പുറത്തേക്കുവരും. വേരുകള്‍ പുറത്തുവന്ന് കുറച്ചു ദിവസം കൂടി താമരവിത്ത് ആ പാത്രത്തില്‍ തന്നെ സൂക്ഷിക്കണം. നിത്യേന പാത്രത്തിലെ വെള്ളം മാറ്റാന്‍ ജാഗ്രത കാണിക്കണം.

ഈ നിലയില്‍ സൂക്ഷിക്കുന്ന വേരുവന്ന വിത്തുകളില്‍ ചെറിയ ഇലകള്‍ രൂപപ്പെട്ടാല്‍ അത് മാറ്റിനടാന്‍ പാകത്തിനുള്ള തൈ ആയെന്നാണ് അര്‍ത്ഥം. ഈ തൈകള്‍ താമര വളര്‍ത്താനായി തയ്യാറാക്കിയ വലിയ പാത്രത്തിലേക്ക് മാറ്റണം. ജലസസ്യമാണെങ്കിലും താമരയുടെ വേര് പിടിക്കാന്‍ വെള്ളത്തിനടിയില്‍ ചെളിയുള്ള മണ്ണിന്റെ സാന്നിധ്യം അനിവാര്യമാണ്. അത്തരമൊരു ആവാസവ്യവസ്ഥ താമര വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന വലിയ പാത്രത്തില്‍ ഒരുക്കേണ്ടതുണ്ട്. അതിനായി മറ്റൊരു ചെറിയ പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം കളിമണ്ണും കാല്‍ഭാഗം സാധാരണ മണ്ണും ചേര്‍ത്ത് നിറയ്ക്കണം. ഇതിനൊപ്പം ആവശ്യത്തിന് ജൈവവളവും ചേര്‍ക്കുന്നത് ഉത്തമമാണ്. ഇതെല്ലാം കൂടി വെള്ളം ചേര്‍ത്ത് തൈനടാനുള്ള പരുവത്തില്‍ മണ്ണൊരുക്കണം. തൈകളുടെ വേര് ഇതില്‍ വേണം മാറ്റി നടാന്‍.

ഈ നിലയില്‍ ചെറിയ പാത്രത്തില്‍ നട്ട താമരതൈ താമരകൃഷി ചെയ്യാനായി ഒരുക്കിയ പാത്രത്തില്‍ ഇറക്കിവെയ്ക്കുക. അതിന് ശേഷം വലിയ പാത്രത്തിന്റെ പകുതി ഭാഗത്തോളം വെള്ളം നിറയ്ക്കുക. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം പാത്രം വയ്ക്കാന്‍. ഈ നിലയില്‍ വീട്ടില്‍ ചെറിയ നിലയില്‍ താമരകൃഷി പരീക്ഷിച്ച് നോക്കാവുന്നതാണ്. അനുയോജ്യമായ സൗകര്യമുണ്ടെങ്കില്‍ കുറച്ച് കൂടി വിപുലമായ നിലയില്‍ താമരപ്പാടമൊരുക്കിയും താരമകൃഷി പരീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News