ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ 11 ലോക്‌സഭാ മണ്ഡലങ്ങളിൽ വിധിയെഴുതും. പതിനൊന്നിൽ ഏഴു മണ്ഡലങ്ങളിലും ഭരണമുന്നണിയായ എൻ ഡി എ യുടെ സിറ്റിംഗ് എം പി മാരാണ് മത്സരിക്കുന്നത്. 258 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23,036 പോളിങ് സ്റ്റേഷനുകളിലായി 2,09,92,616 വോട്ടർമാർ സമ്മതിദാനം രേഖപ്പെടുത്തും. കോൺഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം, എൻ സി പി ശരദ് പവാർ വിഭാഗം അടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, മറാഠ സംവരണം എന്നീ വിഷയങ്ങൾ കൂടാതെ ഭരണ വിരുദ്ധ വികാരവും സഹതാപ തരംഗവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പവാർ കുടുംബത്തിൽനിന്ന് സുപ്രിയ സുലെയും സുനേത്ര പവാറും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന ബാരാമതിയിലെ മത്സരം സംസ്ഥാനം ഉറ്റുനോക്കുന്നു. ശക്തമായ പോരാട്ടം നടക്കുന്ന ബാരാമതിയിൽ പ്രവചനം അസാധ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്. അജിത് പവാറിന്റെയും ശരദ് പവാറിന്റെയും ശക്തി പരീക്ഷണ വേദി കൂടിയാകും ബാരാമതി തിരഞ്ഞെടുപ്പ്.
രത്നഗിരി സിന്ധുദുർഗിൽ മത്സരിക്കുന്ന ബി.ജെ.പി.യുടെ കേന്ദ്രമന്ത്രി നാരായൺറാണെ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ശിവസേന ഉദ്ധവ് പക്ഷം നേതാവ് വിനായക് റാവത്തിനോടാണ് റാണെ മത്സരിക്കുന്നത്. റാണെ കോൺഗ്രസിലായിരിക്കെ പിന്തുണച്ച ന്യുനപക്ഷങ്ങൾ മാറി ചിന്തിക്കാൻ സാധ്യതയുണ്ട്. കോലാപുരിൽ മത്സരിക്കുന്ന ശിവജിയുടെ അനന്തരാവകാശി ശാഹുമഹാരാജ്, സത്താറയിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുന്ന ശിവജിയുടെ അനന്തരാവകാശി ഉദയൻരാജെ ഭോസ്‌ലെ, റായ്ഗഢിൽ മത്സരിക്കുന്ന അജിത്പവാർ വിഭാഗം എൻ.സി.പി. അധ്യക്ഷൻ സുനിൽതട്കരെ, സോലാപുരിൽ മത്സരിക്കുന്ന മുൻകേന്ദ്രമന്ത്രി സുശീൽകുമാർ ഷിന്ദേയുടെ മകൾ പ്രണിതി ഷിന്ദേ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. രണ്ടുഘട്ടങ്ങളിലായി സംസ്ഥാനത്ത് 13 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. മൊത്തം 48 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. നാലും അഞ്ചും ഘട്ടങ്ങളിലായി മറ്റു 24 മണ്ഡലങ്ങളും വിധിയെഴുതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here