സ്വാതന്ത്ര്യ സമരസേനാനി കേളു ഏട്ടൻ ഓർമ്മയായിട്ട് 32 വർഷം

സ്വാതന്ത്ര്യ സമരസേനാനിയും സി പി ഐ (എം) ന്റെ സമുന്നത നേതാവുമായിരുന്ന കേളു ഏട്ടൻ ഓർമ്മയായിട്ട് 32 വർഷം. 6 പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ത്യാഗനിർഭരമായ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും ചരിത്രമാണ് കേളുഏട്ടന്റെ ജീവിതം. ജനങ്ങളുടെ നേതാവും സംഘാടകനും പോരാളിയുമായിരുന്നു കേളു ഏട്ടൻ.

വടകര പഴങ്കാവിൽ ജനിച്ച എം കെ കേളു മലബാറിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ അനുരണനങ്ങൾ ഏറ്റുവാങ്ങിയാണ് സാമൂഹ്യരംഗത്തേക്ക് എത്തുന്നത്. വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി നടന്ന പ്രവർത്തനങ്ങളിൽ നന്നേ ചെറുപ്പത്തിൽ ആകൃഷ്ടനായി. ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് കേളു ഏട്ടൻ്റെ കടന്നുവരവ്. കോൺഗ്രസ് പ്രവർത്തകനെന്ന നിലയ്ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ സാധാരണ ജനങ്ങളെയാകെ അണിനിരത്താനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കാലെടുത്തുവെയ്ക്കുമ്പോഴേക്കും അദ്ദേഹം മർദ്ദനങ്ങളും ജയിൽവാസങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു.

സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ അദ്ദേഹം അനുഭവിച്ച മർദ്ദനങ്ങളെയും ക്ലേശങ്ങളെയും പറ്റി പി.നാരായണൻ നായർ തന്റെ ‘അരനൂറ്റാണ്ടിലൂടെ’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ തുടർച്ചയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെ കമ്മ്യൂണിസ്റ്റായി. 1939-ലെ പിണറായി പാറപ്പുറം സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ അദ്ദേഹം 1935 ആകുമ്പോഴേക്കും കെ.പി.സി.സി അംഗമായി. വടകരയിലെ ബീഡി, ചുരുട്ട് തൊഴിലാളികളുടെയും മറ്റ് ഇതര തൊഴിൽ വിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. കോഴിക്കോട് ജില്ലയിലെ കർഷക സമരങ്ങളിലും കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിർണായകമായ പങ്കാണ് കേളുഏട്ടൻ വഹിച്ചത്.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഈടുറ്റ അധ്യായമാണ്‌ എ കെ ജിയുടെ നേതൃത്വത്തിൽ 1936ൽ നടന്ന പട്ടിണിജാഥ. മലബാറിൽനിന്ന്‌ മദ്രാസ്‌ വരെ കാൽനടയായി സഞ്ചരിച്ച ജാഥയിലെ അംഗമായിരുന്നു കേളു എട്ടൻ.
1957-ൽ വടകര നിന്ന് കേരള നിയമസഭയിൽ എത്തിയ കേളുഏട്ടൻ പിന്നീട് രണ്ടുതവണ മേപ്പയ്യൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് 1973 ആഗസ്റ്റ് 3 ന് നടന്ന ബന്ദിൽ കോഴിക്കോട് പാളയത്ത് വെച്ച് പൊലീസിൻ്റെ ഭീകര മർദ്ദനമേറ്റു.

പൊലീസ് വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം ദേശാഭിമാനി ഫോട്ടോഗ്രാഫററായിരുന്ന രാമാനുജമാണ് പകർത്തിയത്. ഇത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തലായി കാണാം. 1991 മെയ് 20 ന് സമരോത്സുകവും ത്യാഗനിർഭരവുമായ ജീവിതം അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News